യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി ബാഗില്‍; അറബ് പൗരന്‍ അറസ്റ്റില്‍

Posted on: April 26, 2017 3:15 pm | Last updated: April 26, 2017 at 2:56 pm

ദുബൈ: ഏഷ്യക്കാരിയെ കൊന്ന് കഷ്ണങ്ങളാക്കി ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതുസംബന്ധിച്ച് അറബ് പൗരനെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് മൂന്നു മണിക്കൂറിനകമായിരുന്നു അറസ്റ്റ്. ബര്‍ ദുബൈയിലെ ഫഌറ്റിലാണ് സംഭവം.
സുഹൃത്തിനെ അഞ്ചു ദിവസമായി കാണാനില്ലെന്ന് കാണിച്ച് മറ്റൊരു യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദുബൈ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. സൂര്യോദയത്തിന് മുമ്പ് എന്ന പേരിട്ട് ആരംഭിച്ച ഓപറേഷന് ദുബൈ പോലീസ് അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി നേതൃത്വം നല്‍കി.

ബര്‍ ദുബൈയിലെ ഫ്‌ലാറ്റില്‍ നടത്തിയ തിരച്ചിലില്‍ വെട്ടിനുറുക്കി ട്രോളി ബാഗില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് അഞ്ചു ദിവസമെങ്കിലും പഴക്കമുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അല്‍ ഖൂസില്‍നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കൊലക്ക് ശേഷം പ്രതി യുവതിയുടെ സാധനങ്ങളും മോഷ്ടിച്ചതായി കണ്ടെത്തി. താനുമായുള്ള ബന്ധം വിഛേദിക്കാന്‍ യുവതി താല്‍പര്യം പ്രകടിപ്പിച്ചതാണ് കൊലക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ആളെ തിരിച്ചറിയാതിരിക്കാനാണ് വെട്ടിനുറുക്കി വികൃതമാക്കിയതെന്നും ഇതുവഴി രക്ഷപ്പെടാനാകുമെന്നാണ് കരുതിയതെന്നും പ്രതി സൂചിപ്പിച്ചു.
അറബ് പൗരന്റെ വീടും വാഹനവും പരിശോധിച്ചപ്പോള്‍ കൊലക്കുപയോഗിച്ച സാധനങ്ങള്‍ കണ്ടെത്തി. പ്രതിയെ പ്രോസിക്യൂഷന് കൈമാറി.