വേലക്കാരിയെ പീഡിപ്പിച്ചെന്ന്; സെയില്‍സ്മാനെ കോടതി കുറ്റവിമുക്തനാക്കി

Posted on: April 26, 2017 3:15 pm | Last updated: April 26, 2017 at 2:53 pm

ദുബൈ: സ്‌പോണ്‍സറുടെ വില്ലയിലെ കിടപ്പുമുറിയില്‍ വേലക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റാരോപിതനായ സെയില്‍സ്മാനെ ദുബൈ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു.
29കാരനായ നേപ്പാളി സെയില്‍സ്മാന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് നേപ്പാള്‍ സ്വദേശിനിയായ വേലക്കാരി പരാതി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സ്‌പോണ്‍സറുടെ കാര്‍ കഴുകാന്‍ വേണ്ടി വില്ലയിലേക്ക് വരികയും തന്നെ കിടപ്പുമുറിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് യുവതിപറയുന്നത്.

വില്ലയില്‍ ആരുമില്ലെന്നും ഇപ്പോള്‍ വരേണ്ടെന്നും യുവതി സെയില്‍സ്മാനെ അറിയിച്ചത്രെ. സെയില്‍സ്മാന്‍ തന്നെ പല തവണ ഫോണ്‍ വിളിക്കുകയും താന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ലെന്നും യുവതി പറഞ്ഞു. പിന്നീട് സ്‌പോണ്‍സറുടെ നായ നിര്‍ത്താതെ കുരക്കുന്നത് കേട്ട് പുറത്തേക്ക് പോയി തിരിച്ചുവരുമ്പോള്‍ സെയില്‍സ്മാന്‍ തന്റെ മുറിക്ക് പുറത്ത് നില്‍ക്കുന്നതാണ് കണ്ടത്. തന്റെ കൈ പിടിച്ച് ബലാല്‍കാരമായിമുറിയിലേക്ക് പിടിച്ചുവലിച്ചുവെന്നും യുവതി പറയുന്നു. ഈ സമയം ഇരുമ്പ് ഉപകരണം ഉപയോഗിച്ച് താന്‍ സെയില്‍സ്മാന്റെ തലക്കടിക്കുകയും സ്‌പോണ്‍സറുടെ മകനെ സഹായത്തിനായി വിളിക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് സെയില്‍സ്മാന്‍ അവിടെനിന്ന് സ്ഥലം വിട്ടതായി യുവതി പറഞ്ഞു.
എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ സെയില്‍സ്മാന്‍ കുറ്റം നിഷേധിച്ചു. താന്‍ വില്ലയില്‍ ചെന്നത് യുവതി ഫോണ്‍ ചെയ്തിട്ടാണെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കുറ്റാരോപിതന്‍ കോടതി മുമ്പാകെ പറഞ്ഞു. തന്റെ വാദം സ്ഥിരീകരിക്കുന്നതിനായുള്ള തെളിവുകളും സെയില്‍സ്മാന്‍ കോടതിയില്‍ ഹാജരാക്കി.
ഇതേ തുടര്‍ന്ന് സെയില്‍സ്മാനെ ദുബൈ പ്രാഥമിക കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. കേസില്‍ പരാതിക്കാരിക്ക് 15 ദിവസത്തിനകം അപ്പീല്‍ നല്‍കാമെന്നും കോടതി അറിയിച്ചു.