സഹോദരിമാരുടെ ദുരൂഹ മരണം: ചോദ്യം ചെയ്ത് വിട്ട യുവാവ് തൂങ്ങി മരിച്ച നിലയില്‍

Posted on: April 26, 2017 9:45 am | Last updated: April 26, 2017 at 9:20 am

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളം ശെല്‍വപുരത്ത് സഹോദരിമാരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വിട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അട്ടപ്പള്ളം വണ്ടാഴിക്കാരന്‍ വീട്ടില്‍ പ്രവീണ്‍ ജെ ജോസഫാ(30)ണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലരയോടെ വീട്ടില്‍ നിന്ന് അരകിലോമീറ്റര്‍ അകലെയുള്ള പുളിമന്നം പ്രദേശത്തെ മരത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിടെ മൂന്ന് തവണ പ്രവീണിനെ പോലീസ് ചോദ്യം ചെയ്തിരുന്നെന്നാണ് വിവരം. പ്രാഥമിക അന്വേഷണത്തിലും നിലവില്‍ പ്രതികളായവര്‍ക്കൊപ്പം പ്രവീണിനെയും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലാകണം മരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

അവസാനമായി രണ്ടാഴ്ച മുമ്പ് പതിനേഴുകാരനെ അന്വേഷണ സംഘം പിടികൂടിയപ്പോഴും പ്രവീണ്‍ ഉള്‍പ്പെടെയുള്ള നാല് പേരെ അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
മരിച്ച പ്രവീണിന്റെ പോക്കറ്റില്‍ നിന്ന് ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. നാട്ടുകാര്‍ക്ക് മുന്നില്‍ അപമാനിതനായെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്. തന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളെയും രക്ഷിതാക്കളെയും ഉപദ്രവിക്കരുതെന്ന അപേക്ഷയും ആത്മഹത്യ കുറിപ്പിലുണ്ട്. അതേസമയം പ്രവീണ്‍ ഉള്‍പ്പെടെ ചിലരെ കേസില്‍ സാക്ഷിയാക്കാനുള്ള ശ്രമമുണ്ടായിരുന്നെന്നും വിവരമുണ്ട്. കൂലിപ്പണിക്കാരനായ പ്രവീണിനെയും മറ്റ് രണ്ട് പേരെയും മരണപ്പെട്ട പെണ്‍കുട്ടികളുടെ വീടിന് സമീപത്ത് പലതവണ കണ്ടിരുന്നതായി ബന്ധുക്കളും രക്ഷിതാക്കളും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് അന്വേഷണ സംഘം അറിയിച്ചു.