നാക്കു പിഴച്ച് നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം

Posted on: April 25, 2017 6:01 pm | Last updated: April 25, 2017 at 8:55 pm

തിരുവനന്തപുരം: മന്ത്രി എം എം മണിയുടെ വിവാദ പ്രസ്താവനയുടെ പേരില്‍ സഭ കത്തിനില്‍ക്കെ മുഖ്യമന്ത്രിയടക്കം പലര്‍ക്കും നാക്കുപിഴച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണി എന്നിവര്‍ക്കാണ് ആദ്യ സഭാസമ്മേളനത്തില്‍ നാക്കു പിഴച്ചത്.

അടിയന്തര പ്രമേയം ചര്‍ച്ചക്ക് വന്നപ്പോഴാണ് മൂന്നാറില്‍ കുരിശു പൊളിച്ച പാപ്പാത്തിച്ചോല എന്ന പ്രയോഗത്തിന് പകരം “ചപ്പാത്തി ചോലയായത്”. സദസ്സില്‍ ചിരി പടര്‍ന്ന ഉടനെ മുഖ്യമന്ത്രി തെറ്റു മനസ്സിലാക്കി തിരുത്തുകയായിരുന്നു.
മൂന്നാറിലെ പെണ്‍കൂട്ടായ്മ പെമ്പിളൈ ഒരുമൈ എന്ന സംഘടനയെ “പെമ്പിളൈ എരുമ” എന്നാണ് വളരെ കഷ്്ട്ടപ്പെട്ട് തിരുവഞ്ചൂര്‍ പറഞ്ഞൊപ്പിച്ചത്.

ഇതെല്ലാം കേട്ട് സദസ്സ് തരിച്ചു നില്‍ക്കുമ്പോഴാണ്. സഭയെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് കെ എം മാണിയുടെ പ്രഖ്യാപനം വന്നത് “ഞാനും എന്റെ പാര്‍ട്ടിയും രാജിവെക്കുന്നു”. എം എം മണിയുടെ പരാമര്‍ശത്തിനെതിരെ കേരളാകോണ്‍ഗ്രസ് സഭാ നടപടികള്‍ ബഹിഷ്‌കരിക്കുന്നു എന്നുപറയേണ്ടിടത്താണ് നാക്കുപിഴയിലൂടെ രാജിയായി പുറത്തുവന്നത്.