ദക്ഷിണ കൊറിയന്‍ തീരത്ത് യു എസ് അന്തര്‍വാഹിനി

Posted on: April 25, 2017 2:37 pm | Last updated: April 25, 2017 at 2:37 pm

പ്യോംഗ്‌യോംഗ്: ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ യു എസ് അന്തര്‍വാഹിനി ദക്ഷിണ കൊറിയയുടെ തീരത്തെത്തി. ഉത്തര കൊറിയയുടെ സൈനിക വിഭാഗമായ ‘കൊറിയന്‍ പീപ്പിള്‍സ് ആര്‍മി’യുടെ 85-ാം സ്ഥാപകദിനമാണ് ഇന്ന്. ഇതോടനുബന്ധിച്ച് സൈനിക ശക്തിപ്രകടനത്തിന്റെ ഭാഗമായി മിസൈല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആണവായുധ പരീക്ഷണമോ ദീര്‍ഘദൂര മിസൈലിന്റെ പരീക്ഷണമോ ഉണ്ടായേക്കുമെന്നാണ് ലോകരാജ്യങ്ങളുടെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് മേഖലയില്‍ വീണ്ടും യുദ്ധ ഭീഷണി ഉയര്‍ത്തി യു എസ് എസ് മിഷിഗണ്‍ ദക്ഷിണ കൊറിയന്‍ തീരത്തെത്തിയത്.

ഏപ്രില്‍ 16ന് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.