Kerala
മന്ത്രി മണിയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ ബഹളം

തിരുവനന്തപുരം: വിവാദ പ്രസ്താവനയെ തുടര്‍ന്ന് മന്ത്രി എം എം മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ബഹളം. മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ അടിയന്തരപ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബഹളം തുടങ്ങിയത്. ചോദ്യോത്തരവേള ആരംഭിച്ചതോടെ പ്രതിപക്ഷം എഴുന്നേറ്റ് നിന്ന് മുദ്രാവാക്യം മുഴക്കി. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരുന്നു ബഹളം.
ചോദ്യോത്തരവേള ഒഴിവാക്കി അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. മന്ത്രിയുടെ പെരുമാറ്റത്തെ സ്പീക്കര്‍ പോലും അപലപിച്ച അസാധാരണമായ സാഹചര്യമാണ് ഉണ്ടായിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചോദ്യോത്തരവേളക്കു ശേഷം അടിയന്തരപ്രമേയം പരിഗണിക്കാമെന്ന സ്പീക്കറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രതിപക്ഷം ശാന്തമായിട്ടുണ്ട്.
പതിനാലാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെയാണ് സഭ പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങിയത്.