കൂടംകുളം ആണവ നിലയം: കേന്ദ്രത്തിനും തമിഴ്‌നാടിനും സുപ്രീം കോടതി നോട്ടീസ്

Posted on: April 24, 2017 5:35 pm | Last updated: April 24, 2017 at 10:23 pm

ന്യൂഡല്‍ഹി: ശരിയായ പരിസ്ഥിതി ആഘാത പഠനം നടത്താതെ കൂടംകുളം ആണവ നിലയത്തിന് തീരദേശ നിയന്ത്രണ മേഖല ക്ലിയറന്‍സ് നല്‍കിയതിന് എതിരായ ഹര്‍ജിയില്‍ കേന്ദ്ര ഗവണ്‍മെന്റിനും തമിഴ്‌നാട് ഗവണ്‍മെന്റിനും സുപ്രിം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ മദന്‍ ഭീമറാവു ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് നടപടി. സംഭവത്തില്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയോടും സുപ്രിം കോടതി വിശദീകരണം തേടി്.

ആണവ ആക്ടിവിസ്റ്റ് ജി സുന്ദര്‍രാജനാണ് ഇക്കാര്യത്തില്‍ സുപ്രിം കോടതിയെ സമീപിച്ചത്. കൂടംകുളം ആണവ നിയലയത്തിന്റെ 3,4,5,6 യൂണിറ്റുകള്‍ക്ക് പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് തീരദേശ നിയന്ത്രണ മേഖല പദവി നല്‍കിയത് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അംഗീകരമായില്ലാത്ത എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് എന്ന ഏജന്‍സിയാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഹര്‍ജിക്കാരന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഹാജരായി.