ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സൈനികര്‍ കൊല്ലപ്പെട്ടു

300ഓളം പേരടങ്ങിയ മാവോയിസ്റ്റ് സംഘമാണ് ആക്രമണം നടത്തിയത്‌
Posted on: April 24, 2017 5:09 pm | Last updated: April 25, 2017 at 10:28 am

റായ്പൂര്‍: ഛത്തിസ്ഗഢില്‍ മാവോയിസ്റ്റുകളുമായുണ്ടായ എറ്റുമുട്ടലില്‍ 26 സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലാണ് ആക്രമണം ഉണ്ടായത്. സിആര്‍പിഎഫ് 74ാം ബറ്റാലിയനില്‍ പെട്ട സൈനികരാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചക്ക് 12.25ഓടെയാണ് എറ്റുമുട്ടല്‍ ആരംഭിച്ചത്. ബുര്‍കപാല്‍ – ചിന്ദാഗുഫ മേഖലയിലാണ് എറ്റുമുട്ടല്‍ നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബുര്‍കപാല്‍ നഗരത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ നിറയൊഴിച്ചതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. 300 ഓളം മാവോയിസ്റ്റുകള്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്. സൈന്യം നടത്തിയ വെടിവെപ്പില്‍ നിരവധി മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടുവെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ പറഞ്ഞു. മാവോയിസ്റ്റ് ആക്രമണത്തെ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗ് തുടങ്ങിയവര്‍ അപലപിച്ചു. ജവാന്മാരുടെ ധീരതയില്‍ അഭിമാനിക്കുന്നുവെന്നും അവരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.