മദ്യശാല തുറക്കാന്‍ ദേശീയപാത മുനിസിപ്പല്‍ റോഡുകളാകുന്നു

Posted on: April 24, 2017 9:28 am | Last updated: April 23, 2017 at 11:29 pm

ചെന്നൈ: ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യവില്‍പ്പന ശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ തമിഴ്‌നാടും കുറുക്കുവഴി തേടുന്നു. സംസ്ഥാന, ദേശീയ പാതകള്‍ ഡീ നോട്ടിഫൈ ചെയ്യുകയെന്ന കുതന്ത്രത്തിലേക്കാണ് തമിഴ്‌നാട് സര്‍ക്കാറും എത്തുന്നത്. മുന്‍സിപ്പല്‍ റോഡുകളായി റോഡുകളെ പുനര്‍ വിജ്ഞാപനം ചെയ്ത് കൊണ്ട് സുപ്രീം കോടതി വിധി മറികടക്കാനാണ് നീക്കം. എന്നാല്‍, ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പുനര്‍ വിജ്ഞാപനത്തിന്റെ ഉദ്ദേശ്യമെന്തെന്ന് വ്യക്തമാക്കുന്നില്ല. കേന്ദ്രത്തിന്റെ സമ്മതത്തിന് കാത്തുനില്‍ക്കാതെ ഈ റോഡുകളുടെ അറ്റകുറ്റപണികളും വികസനവും നടത്താനാകുമെന്നതാണ് ഈ നീക്കത്തിന്റെ നേട്ടമെന്ന് മുനിസിപ്പല്‍ ഭരണ വിഭാഗം അവകാശപ്പെടുന്നു. പാതയോരത്തെ 3,400 മദ്യശാലകള്‍ക്കാണ് കോടതി വിധിയോടെ താഴ് വീണത്. റോഡുകള്‍ ഡീ നോട്ടിഫൈ ചെയ്യുന്നതോടെ ഇവയെല്ലാം തുറക്കാനാകും.
മൊത്തം 1.9 ലക്ഷം കിലോമീറ്ററാണ് തമിഴ്‌നാട്ടിലെ റോഡ്. ഇതില്‍ 14,000 കിലോമീറ്റര്‍ ദേശീയ, സംസ്ഥാന പാതകളാണ്. കുടിവെള്ള വിതരണത്തിന് പൈപ്പിടുക പോലുള്ള പ്രാഥമിക കാര്യങ്ങള്‍ക്ക് പോലും സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളുടെ അനുമതി കാത്തുനില്‍ക്കേണ്ട സ്ഥിതിയുണ്ടെന്നും ദേശീയ, സംസ്ഥാന പദവി റോഡ് വികസനത്തിന് തടസ്സമാണെന്നും നഗര ഭരണ കമ്മീഷണര്‍ കെ പ്രകാശ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് റോഡുകള്‍ ഡീ നോട്ടിഫൈ ചെയ്യുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ടി ടി വി ദിനകരനെ വീണ്ടും
ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: രണ്ടില ചിഹ്നം നേടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ എ ഐ എ ഡി എം കെ (അമ്മ) നേതാവ് ടി ടി വി ദിനകരനെ ഡല്‍ഹി പോലീസ് ഇന്നലെയും ചോദ്യം ചെയ്തു.
അനധികൃത സ്വത്ത് കേസില്‍ ജയിലിലുള്ള ശശികലയുടെ ബന്ധുവായ ടി ടി വി ദിനകരന്‍ ഇന്നലെ രണ്ട് മണിയോടെയാണ് ചാണക്യപുരി ക്രൈം ബ്രാഞ്ച് ഇന്റര്‍‌സ്റ്റേറ്റ് സെല്‍ ഓഫീസ് പരിസരത്ത് എത്തിയത്. എ സി പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ദിനകരനെ ചോദ്യം ചെയ്തത്.