ഓഹരി സൂചിക വീണ്ടും ഇടിഞ്ഞു; രണ്ടാം വാരത്തിലും തളര്‍ച്ച

Posted on: April 24, 2017 10:20 am | Last updated: April 23, 2017 at 11:22 pm

ഓഹരി സൂചിക വിദേശ ഫണ്ടുകള്‍ സൃഷ്ടിച്ച വില്‍പ്പന സമ്മര്‍ദ്ദത്തില്‍ വീണ്ടും ഇടിഞ്ഞു. തുടര്‍ച്ചയായ രണ്ടാം വാരമാണ് ഇന്ത്യന്‍ മാര്‍ക്കറ്റ് തളരുന്നത്. ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ പലതും മികവ് നിലനിര്‍ത്തിയെങ്കിലും യുറോപ്പിലെയും അമേരിക്കയിലെയും ഓഹരി ഇന്‍ഡക്‌സുകള്‍ വാരാന്ത്യം തളര്‍ന്നു. ഫ്രാന്‍സിലെ തെരഞ്ഞടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ് ഫണ്ടുകള്‍. ബോംബെ സൂചിക 96 പോയിന്റും നിഫ്റ്റി 31 േപായിന്റും പ്രതിവാര നഷ്ടത്തിലാണ്.

വ്യാഴാഴ്ച്ച നിഫ്റ്റി ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷന്‍സില്‍ ഏപ്രില്‍ സീരീസ് സെറ്റില്‍മെന്റ്റാണ്. ഈ അവസരത്തില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. പോയവാരം നിഫ്റ്റി സൂചിക 9116 പോയിന്റിലെ സപ്പോര്‍ട്ട് നിലനിര്‍ത്തി. വാരാന്ത്യം സൂചിക 9119 േപായിന്റിലാണ്. ഈ വാരം 9197 ലെ തടസം മറികടന്നാല്‍ ലക്ഷ്യം 9275 പോയിന്റിലേയ്ക്കാവും. തിരിച്ചടിനേരിട്ടാല്‍ 9058-8919 പോയിന്റിലേക്ക് തിരിയാം.
ബോംബെ സൂചിക 29,670 ല്‍ നിന്ന് 29,244 ലേയ്ക്ക് താഴ്ന്ന ശേഷം വാരാന്ത്യം സൂചിക 29,365 പോയിന്റിലാണ്. വാരമധ്യത്തിന് മുമ്പ് 29,608-29,852 ല്‍ മുകളില്‍ ക്ലോസിങിന് അവസരം ലഭിച്ചാല്‍ സൂചിക 30,034 വരെ ഉയരാം. വിപണി വില്‍പ്പന സമ്മര്‍ദ്ദത്തില്‍ അകപ്പെട്ടാല്‍ 29,182-28,756 റേഞ്ചിലേയ്ക്ക് തിരിയും. സാങ്കേതികമായി വീക്ഷിച്ചാല്‍ സൂചിക അതിന്റെ 21 ദിവസങ്ങളിലെ ശരാശരിയെക്കാള്‍ താഴെയാണ് സഞ്ചരിക്കുന്നത്.
ഓപ്പറേറ്റര്‍മാരുടെ ലാഭമെടുപ്പില്‍ സ്റ്റീല്‍, ടെലിക്കോം, ഫാര്‍മസ്യുട്ടിക്കല്‍ വിഭാഗങ്ങള്‍ക്ക് തളര്‍ച്ചനേരിട്ടു. എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി, ആര്‍ ഐ എല്‍, പവര്‍ ഗ്രിഡ് തുടങ്ങിയവ മികവ് കാണിച്ചപ്പോള്‍ സണ്‍ ഫാര്‍മ്മ, കോള്‍ ഇന്ത്യ, ഐ സി ഐ സി ഐ ബേങ്ക്, ആക്‌സിസ് ബാങ്ക്, എസ് ബി ഐ തുടങ്ങിയവയുടെ നിരക്ക് കുറഞ്ഞു. മുന്‍ നിരയിലെ പത്ത് കമ്പനികളില്‍ നാല് എണ്ണത്തിന്റെ വിപണി മുല്യത്തില്‍ 32,394.92 കോടി രൂപയുടെ വര്‍ധന. വിദേശ ഫണ്ടുകള്‍ 3001 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. ആഭ്യന്തര ഫണ്ടുകള്‍ 2492 കോടി രൂപയുടെ നിക്ഷേപവും നടത്തി. വിദേശ നിക്ഷേപം പിന്‍വലിച്ചത് വിനിമയ വിപണിയില്‍ ഡോളറിന് മുന്നില്‍ രൂപയെ ദുര്‍ബലമാക്കി. രൂപയുടെ മുല്യം 64.41 ല്‍ നിന്ന് 64.61 ലേയ്ക്ക്‌നീങ്ങി.
രാജ്യത്ത് പണത്തിന്റെ ലഭ്യത ചുരുങ്ങിയത് വളര്‍ച്ചയെ ബാധിക്കുമെന്ന സൂചന ഐ എം എഫ് നിന്ന് പുറത്തുവന്നു. ഐ എം എഫിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയൂടെ വാര്‍ഷിക വളര്‍ച്ച നിരക്ക് നടപ്പ് വര്‍ഷം 7.2 ശതമാനമായിരിക്കും.

കോര്‍പ്പറേറ്റ് മേഖല ത്രൈമാസ റിപ്പോര്‍ട്ടുകള്‍ക്ക് തിളക്കം മങ്ങിയാല്‍ അത് ഓഹരി വിപണിയെ ബാധിക്കും. അതേ സമയം ഇക്കുറി കാലവര്‍ഷം പതിവിലും ശക്തമാക്കുമെന്ന കാലാവസ്ഥ പ്രവചനം വിപണിക്ക് അനുകൂലമാണ്.
രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 50 ഡോളറില്‍ താഴ്ന്ന് ഇടപാടുകള്‍ നടന്നു. പോയവാരം ആറ് ശതമാനം എണ്ണ വില താഴ്ന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1287 ഡോളറിലാണ്.