അമേരിക്കന്‍ പൗരന്‍ ഉ. കൊറിയയില്‍ അറസ്റ്റില്‍

Posted on: April 24, 2017 9:16 am | Last updated: April 23, 2017 at 11:17 pm

സിയൂള്‍: ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര പ്രശ്‌നം രൂക്ഷമായിക്കൊണ്ടിരിക്കെ അമേരിക്കന്‍ പൗരനെ ഉത്തര കൊറിയ അറസ്റ്റ് ചെയ്തു. യു എസ് പൗരനായ കൊറിയന്‍ വംശജനെയാണ് അറസ്റ്റ് ചെയ്തത്. തലസ്ഥാനമായ പിയോംഗ്‌യാംഗിലെ വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുദ്ധം മുന്നില്‍ കണ്ട് ഇരുരാജ്യങ്ങളും സൈനിക തയ്യാറെടുപ്പ് നടത്തുന്നതിനിടെ ഈ അറസ്റ്റ് ഗുരുതരമായ നയതന്ത്രപ്രത്യാഘാതകങ്ങള്‍ക്ക് ഇടവരുത്തിയേക്കും.

അറസ്റ്റ് ചെയപ്പെട്ട യു എസ് പൗരനെ കുറിച്ചുള്ള വിശദീകരണം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കിം എന്ന കുടുംബപേരുള്ളയാളാണെന്ന് മാത്രമാണ് ഔദ്യോഗികമായി ലഭിച്ച വിവരം. വെള്ളിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് സ്വീഡിഷ് എംബസി വക്താക്കള്‍ അറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കിടയില്‍ നയതന്ത്ര ബന്ധം നിലനില്‍ക്കാത്തതിനാല്‍ ഇയാളെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കാന്‍ പ്രയാസമാണ്. സ്വീഡന്‍ എംബസിയാണ് യു എസിന് വേണ്ടി കൗണ്‍സുലാര്‍ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്.
രാജ്യം വിടാനുള്ള ഒരുക്കത്തിനിടെയായിരുന്നു അറസ്റ്റ്. എന്നാല്‍ ഇയാള്‍ ചെയ്ത കുറ്റം എന്താണെന്നത് വ്യക്തമല്ല. 50കാരനായ കോളജ് പ്രൊഫസറാണ് അറസ്റ്റിലായതെന്നും ഇയാള്‍ ചൈനയിലെ യാന്‍ബിയാന്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ അധ്യാപകനാണെന്നും ദക്ഷിണ കൊറിയന്‍ വക്താവ് അറിയിച്ചു. ചാരപ്രവര്‍ത്തനം നടത്തിയതിന്റെ പേരിലാണ് അറസ്റ്റെന്ന് സംശയിക്കുന്നുണ്ട്.

ഇദ്ദേഹത്തെ കൂടാതെ രണ്ട് തടവുകാരാണ് ഉത്തര കൊറിയില്‍ നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം 15 വര്‍ഷത്തെ കഠിനത്തൊഴിലിന് വിധിക്കപ്പെട്ട ഓട്ടോ വാര്‍മ്പിയറും പത്ത് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട കിം ഡംഗ് ചുലുമാണ് ഇവര്‍.
നിലവിലെ സാഹചര്യത്തില്‍ അമേരിക്കക്കെതിരെയുള്ള പ്രതികാര നടപടിയായി ഒരുപക്ഷെ ഈ അറസ്റ്റിനെ ഉത്തര കൊറിയയും ഈ നടപടി മുന്‍നിര്‍ത്തിയുള്ള ഒരാക്രമണത്തിന് അമേരിക്കയും മുതിര്‍ന്നേക്കും.