Connect with us

Gulf

പുരുഷന്മാരായി അംഗീകരിക്കണമെന്നാവശ്യം; ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ യുവതികള്‍ കോടതിയില്‍

Published

|

Last Updated

അബുദാബി: ഒരു യൂറോപ്യന്‍ രാജ്യത്ത് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ രണ്ട് യു എ ഇ യുവതികള്‍ പുരുഷന്മാരായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് അബുദാബി ഫെഡറല്‍ കോടതിയെ സമീപിച്ചു. 22ഉം 23ഉം വയസ്സുള്ള യുവതികളാണ് സര്‍ക്കാര്‍ രേഖകളില്‍ തങ്ങളുടെ പേരും ലിംഗവും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയത്.

കാലുകളിലടക്കം രോമവളര്‍ച്ചയും വലിയ ശബ്ദവും ഉള്‍പെടെ നിരവധി പുരുഷ ലക്ഷണങ്ങളുണ്ടായിരുന്ന ഈ യുവതികള്‍ യൂറോപ്യന്‍ രാജ്യത്ത് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായതായി അവരുടെ അഭിഭാഷകന്‍ അലി അ ല്‍ മന്‍സൂരി അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ ശിപാര്‍ശ ചെയ്യുന്ന നിരവധി വൈദ്യ റിപ്പോര്‍ട്ടുകള്‍ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രേഖകളില്‍ പേരും ലിംഗവും മാറ്റാനുള്ള അനുമതി ലഭിക്കുകയാണ് ഇനി വേണ്ടത്. ചെറുപ്രായത്തില്‍ തന്നെ തങ്ങള്‍ പുരുഷന്മാരാണെന്ന് തോന്നിയിരുന്നതായി യുവതികള്‍ പറയുന്നു. വിവിധ വിദഗ്ധ മെഡിക്കല്‍ സംഘങ്ങള്‍ പരിശോധിച്ച് ഈ യുവതികള്‍ക്ക് ജൈവശാസ്ത്രപരമായ പ്രശ്‌നങ്ങളുണ്ടെന്നും അത് അവരെ മാനസികമായി ബാധിക്കുന്നുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കോടതി തന്നെ മെഡിക്കല്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നുവെന്നും യുവതികള്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് യോഗ്യരാണെന്ന റിപ്പോര്‍ട്ടാണ് കമ്മിറ്റി നല്‍കിയതെന്നും അലി അല്‍ മന്‍സൂരി കൂട്ടിച്ചേര്‍ത്തു.