സഊദിയില്‍ നിന്ന് മലയാളിക്കുട്ടികള്‍ ഫുട്‌ബോള്‍ പരിശീലനത്തിന് ഇറ്റലിയിലേക്കു പറക്കുന്നു

Posted on: April 23, 2017 9:34 pm | Last updated: April 23, 2017 at 9:32 pm

ജിദ്ദ: യൂറോപ്യന്‍ ഫുട്‌ബോളിന്റെ മികവും തന്ത്രവും പഠിക്കുന്നതിന് മലയാളി ബാലന്‍മാര്‍ ജിദ്ദയില്‍ നിന്ന് ഇറ്റലിയിലേക്ക് പറക്കാനൊരുങ്ങുന്നു. ജിദ്ദാ സ്‌പോട്‌സ് ക്ലബ് (ജെ എസ് സി ) ആണ് അതിന് അവസരമൊരുക്കുന്നത്. തിരഞ്ഞെടുത്ത ഇരുപത് കുട്ടികളും മൂന്നു കോച്ചുമാരും, രണ്ടു മാനേജ്‌മെന്റ് പ്രതിനിധികളുമാണ് ഇറ്റലിയിലേക്ക് പോകാനിരിക്കുന്നത്. കോച്ചുമാര്‍ക്കും റോമില്‍ പ്രത്യേക പരിശീലനം ലഭിക്കും. ആദ്യമായാണ് സഊദിയിലെ ഇന്ത്യന്‍ കോച്ചുമാര്‍ക്ക് വിദേശ പരിശീലനത്തിന് അവസരമൊരുങ്ങുന്നത്.

ഒരാഴ്ചത്തെ പരിശീലനമാണ് കുട്ടികള്‍ക്ക് ഇറ്റലിയില്‍ ലഭിക്കുക. ഇത് ജെ എസ് സി ഫുട്‌ബോള്‍ ക്യാമ്പിലുള്ള കുട്ടികള്‍ക്ക് ലോകോത്തര ഫുട്‌ബോളിന്റെ ശാസ്ത്രീയ വശങ്ങള്‍ സ്വായത്തമാക്കാന്‍ സഹായിക്കുമെന്ന് കരുതപ്പെടുന്നു.

പരിശീലനത്തിനു പുറമെ, ലോക നിലവാരത്തിലുള്ള നാലു ടീമുകളുമായി ടീം ജെഎസ്സി സൗഹൃദ മല്‍സരവും നടത്തുന്നുണ്ട്. അണ്ടര്‍ 17, അണ്ടര്‍ 14 മാച്ചുകളാണ് നടക്കുകുക. കൂടാതെ, പ്രസിദ്ധ ഇറ്റാലിയന്‍ ഫുട്‌ബോളറായ മാറ്റരസിയുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും.
അക്കാദമിയിലെ പരിശീലനത്തില്‍ മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്ക് യൂറോപ്പിലെ വിവിധ ക്ലബ്ബുകളില്‍ കളിക്കാനുള്ള അവസരവുമൊരുങ്ങും. അണ്ടര്‍ 18 അമേരിക്കന്‍ ടീമില്‍ അവര്‍ക്കു പ്രവേശം ലഭിക്കും. യൂറോപ്യന്‍ ഫുട്‌ബോളിലേക്കു കാലുറപ്പിക്കാനുള്ള ഒരു ഇടനാഴി ആയിട്ടാണ് അക്കാദമിയിലെ പരിശീലനം അറിയപ്പെടുന്നത്.

ഇറ്റലിയിലേക്കു യാത്ര തിരിക്കുന്ന ടീമിന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് വിജയാശംസകള്‍ നേര്‍ന്നു.

അഫ്‌നാന്‍ അഷ്‌റഫ് ആണ് ടീം ക്യാപ്റ്റന്‍. വൈസ് ക്യാപ്റ്റന്‍ സല്‍മാന്‍ സഫറും. ഇവര്‍ക്കു പുറമെ കോച്ചുമാരായ നിസാര്‍ യൂസഫ്, സലിം പി ആര്‍, ഹനീഫ എന്നിവരും മാനേജ്‌മെമെന്റ് പ്രതിനിധികളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.