എം എം മണി കേരളത്തിന് അപമാനമെന്ന് വി എം സുധീരന്‍

Posted on: April 23, 2017 11:47 am | Last updated: April 23, 2017 at 2:50 pm

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇടുക്കി സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ട രാമനെതിരെ മന്ത്രി എം എം മണി നടത്തിയ വിവാദ പ്രസംഗത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ പി സി സി അധ്യക്ഷനുമായ വി എം സുധീരന്‍ രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മണിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. മന്ത്രി എം എം മണി കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

” സഭ്യതയുടെയും സാമാന്യ മര്യാദയുടേയും സര്‍വ്വസീമകളും ലംഘിച്ച് മന്ത്രി എം.എം മണി ദേവികുളം സബ് കളക്ടര്‍ക്കെതിരെ നടത്തിയ പരാമര്‍ശം മന്ത്രിസഭയ്ക്കും ജനങ്ങള്‍ക്കും അപമാനകരമാണ്. ഇതു പോലൊരു മന്ത്രി കേരളത്തിലുണ്ടല്ലോ എന്നോര്‍ത്ത് നാട് ലജ്ജിക്കേണ്ട അവസ്ഥയിലാണ്.

നിയമവ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന കൈയേറ്റമാഫിയയെ രക്ഷിക്കാനാണ് ഈ വെപ്രാളമെല്ലാം മന്ത്രി കാണിക്കുന്നത്. മന്ത്രി മണിയുമായി ആലോചിച്ചേ കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാവൂ എന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം മുഖ്യമന്ത്രിയും സി പി എം നേതൃത്വവും കൈയ്യേറ്റലോബിക്ക് ഒപ്പമാണ് എന്ന സന്ദേശമാണ് ആവര്‍ത്തിച്ചു നല്‍കുന്നത്.

നിയമലംഘകരായ കൈയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന ശക്തമായ ജനവികാരമാണ് ഉയര്‍ന്ന് വന്നിട്ടുള്ളത്. ഇതില്‍നിന്നും ജനശ്രദ്ധ തിരിക്കുന്നതിനാണ് പിണറായി മണി കൂട്ടുകെട്ട് ഇപ്പോള്‍ വര്‍ഗീയവികാരം ഇളക്കിവിടുന്നതും രാഷ്ട്രീയ തര്‍ക്കങ്ങള്‍ ഉണ്ടാക്കുന്നതും ന്യായമായി പ്രവര്‍ത്തിക്കു ന്ന ഉദ്യോഗസ്ഥരെ തരംതാഴ്ന്ന നിലയില്‍ ശകാരിക്കുന്നതും. എതിര്‍പ്പുകളെ അവഗണിച്ച് കൈയേറ്റ മാഫിയയില്‍ നിന്നും നാടിനെ രക്ഷിക്കുന്നതിന് ജനതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള ശക്തമായ നടപടികളുമായി റവന്യൂ വകുപ്പ് മന്ത്രി മുന്നോട്ട് പോകുമെന്നാണ് ഏവരും കരുതുന്നത്. അതിനുള്ള ഇച്ഛാശക്തിയാണ് ജനങ്ങള്‍ മന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്‌ “