Connect with us

Eranakulam

കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ല: ഋഷിരാജ് സിംഗ്

Published

|

Last Updated

കൊച്ചി: ഒരു വിഭാഗം മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടിയതുമൂലം കേരളത്തില്‍ അപകടകരമായ സ്ഥിതിയാണുള്ളതെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ്‌സിംഗ്. ലഹരി മരുന്നുകേസുകള്‍ നാലിരട്ടി വര്‍ധിച്ചത് ഇതിന്റെ ഫലമാണ്. കൂടുതല്‍ പേര്‍ ലഹരിമരുന്നുകളുടെ ഉപയോഗത്തിലേക്കു വരുന്നു എന്നതു വസ്തുതയാണ്. സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ല. ഒരു സുപ്രഭാതത്തില്‍ ആളുകളുടെ ശീലം മാറ്റാന്‍ കഴിയില്ല. സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയ ഗുജറാത്തിലും ബിഹാറിലും വ്യാജമദ്യം കഴിച്ചു ദിവസം അന്‍പതു പേരെങ്കിലും മരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും കൂടുതല്‍ മദ്യശാലകള്‍ അടച്ചുപൂട്ടിയ കൊല്ലത്താണ് ഏറ്റവുമധികം സ്പിരിറ്റ് പിടിച്ചതെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. മദ്യശാലകള്‍ പൂട്ടിയതിനുശേഷം വ്യാജവാറ്റിനു വ്യാപകമായി ശ്രമം തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമാണ് വന്‍തോതിലുള്ള സ്പിരിറ്റ് സംഭരണം. നാഷനല്‍ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം അമൃത്സര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ലഹരിമരുന്നുപയോഗിക്കുന്ന നഗരം കൊച്ചിയാണ്. എന്നാല്‍, കേസുകളുടെ എണ്ണം മാത്രമാണ് എന്‍സിആര്‍ബി ആധാരമാക്കുന്നത്. ഒരു ഗ്രാം കഞ്ചാവ് പിടിച്ചാലും കേരളത്തില്‍ കേസെടുക്കുന്നുണ്ട്. എന്നാല്‍ യുപി പോലെയുള്ള സംസ്ഥാനങ്ങളില്‍ ഇങ്ങനെ കേസെടുക്കാറില്ല. മരണം നടന്നാല്‍ പോലും കേസെടുക്കാത്ത സംസ്ഥാനമാണു ഉത്തര്‍പ്രദേശ്.

കേരളത്തില്‍ ലഹരിമരുന്നു മാഫിയ പ്രവര്‍ത്തിക്കുന്നതായി കരുതുന്നില്ല. മിക്ക കേസുകളിലും ലഹരിമരുന്നു കൊടുക്കുന്നവനും വാങ്ങുന്നവനും പരസ്പരം അറിയുന്നുപോലുമില്ല. കഴിഞ്ഞ 10 മാസത്തിനിടെ സംസ്ഥാനത്ത് എക്‌സൈസ് വകുപ്പ് 1.27 ലക്ഷം പരിശോധനകള്‍ നടത്തി. 23,600 അബ്കാരി കേസുകളിലായി 22,000 പേരെ അറസ്റ്റ് ചെയ്തു. 3600 എന്‍ഡിപിഎസ് കേസുകളിലായി 3900 പേരെ അറസ്റ്റ് ചെയ്തു. 10,400 ലീറ്റര്‍ അനധികൃതമദ്യം, 2780 ലീറ്റര്‍ സ്പിരിറ്റ്, 34200 ലീറ്റര്‍ വിദേശമദ്യം, 1.48 ലക്ഷം ലീറ്റര്‍ വാഷ്, 22,200 ലീറ്റര്‍ അരിഷ്ടം, 830 കിലോഗ്രാം കഞ്ചാവ്, 2892 കഞ്ചാവ് ചെടി, 135 ഗ്രാം ബ്രൗണ്‍ഷുഗര്‍, 2573 ലഹരി ഗുളിക എന്നിവ പിടികൂടി.