Connect with us

National

വാര്‍ത്താ രൂപത്തില്‍ പരസ്യം: ചാനലുകള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി: വാര്‍ത്തകളുടെ രൂപത്തില്‍ പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനെതിരെ ചാനലുകള്‍ക്ക് വാര്‍ത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പരസ്യങ്ങള്‍ വാര്‍ത്താ രൂപത്തില്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവ പരസ്യമാണെന്ന് കാഴ്ചക്കാരന് മനസ്സിലാകാത്ത രൂപത്തിലാണ് സംപ്രേഷണം ചെയ്യുന്നത്. ധനകാര്യ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും പരസ്യങ്ങളും ഇത്തരത്തില്‍ വരുന്നുണ്ട്. വൈദ്യശാസ്ത്ര കണ്ടുപിടിത്തങ്ങള്‍ എന്ന രൂപത്തില്‍ മരുന്നുകളുടെ പരസ്യങ്ങള്‍ പോലും വരുന്നു. ഇവ തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് വാര്‍ത്താ ചാനലുകള്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ മന്ത്രാലയം വ്യക്തമാക്കുന്നു.

എക്‌സ്‌ക്ലൂസീവ് അഭിമുഖങ്ങള്‍ എന്ന നിലയിലാണ് ചില പരസ്യ പരിപാടികള്‍ വരുന്നത്. പ്രൊമോഷനല്‍ പരിപാടികള്‍ നടക്കുമ്പോള്‍ അക്കാര്യം എഴുതിക്കാണിക്കാറില്ല. ഇത്തരത്തില്‍ ഇവ സംപ്രേഷണം ചെയ്യുന്നത് ഇതു സംബന്ധിച്ച പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

മുഴുവന്‍ ചാനലുകളും പരസ്യം സംബന്ധിച്ച ചട്ടം ഏഴ് (10) അനുസരിച്ചേ തീരൂ. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക്‌സ് (റഗുലേഷന്‍) ആക്ടിലെ സെക്ഷന്‍ 20 പ്രകാരം ശിക്ഷാ നടപടികള്‍ വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.