Connect with us

Idukki

കുരിശുപൊളിച്ചത് നിയമവിരുദ്ധം: സിപിഎം

Published

|

Last Updated

ഇടുക്കി: ചിന്നക്കനാല്‍ പാപ്പാത്തിചോലയില്‍ കുരിശ് കൂടത്തിന് ഇടിച്ചു തകര്‍ത്ത നടപടി നീചവും നിയമവിരുദ്ധവുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍. വര്‍ഷത്തിലൊരിക്കല്‍ ദുഃഖവെള്ളി ദിനത്തില്‍ ക്രൈസ്തവ വിശ്വാസികള്‍ കുരിശുമല കയറി ഇവിടെയെത്തുന്നതിന്റെ പ്രതീകമായി സ്ഥാപിച്ചിരുന്നതാണ് കുരിശ്. സഭകള്‍ ഇവിടെ ഒരുവിധത്തിലുമുള്ള കയ്യേറ്റം നടത്തുകയോ, സ്ഥലം വകഞ്ഞെടുക്കുകയോ ഷെഡ് വെയ്ക്കുകയോ ചെയ്തിട്ടില്ല. ഇത്തരത്തിലുള്ള കുരിശുകളും കുരിശുമലകളും ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലുമുണ്ട്. വിശ്വാസികള്‍ വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ആചാരത്തിനപ്പുറം ഇതിനെ കയ്യേറ്റമായി ഗവണ്‍മെന്റുകള്‍ കാണാറില്ല.

കുരിശുകള്‍ നീക്കം ചെയ്യേണ്ടതുണ്ടെങ്കില്‍ അതിന് വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ സ്വീകരിച്ച് നടപ്പിലാക്കുന്നതിന് ആരുമെതിരല്ല. പാപ്പാത്തിചോലയിലെ കുരിശു നീക്കം ചെയ്യുന്നതിന് ഇത്രമാത്രം ഭീകരാന്തരീക്ഷം സൃഷ്ടിക്കേണ്ടതായ ഒരു സാഹചര്യവുമുണ്ടായിരുന്നില്ല. കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നിടത്താണ് സാധാരണ 144 പ്രഖ്യാപിക്കുന്നത്. ഇവിടെ യാതൊരുവിധത്തിലുള്ള സംഘര്‍ഷവും ഉണ്ടായിരുന്നില്ല. 144 പ്രഖ്യാപിക്കണമെങ്കില്‍ മുന്‍കൂട്ടി പ്രദേശവാസികളെ അറിയിക്കണം, മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തണം, ജില്ലാ കലക്ടറോ, സബ്കലക്ടറോ സ്ഥലത്ത് ക്യാംപ് ചെയ്യണം തുടങ്ങിയ നിയമ പ്രകാരം ചെയ്യേണ്ടതായ കാര്യങ്ങള്‍ ഒന്നും ചെയ്യാതെ പുലര്‍ച്ചെ നാല് മണിക്ക് മാധ്യമങ്ങളേയും കൂട്ടി നടത്തിയ നാലാംകിട നാടകം ശുദ്ധ അസംബന്ധമാണ്. മതചിഹ്നങ്ങളെ അപമാനിക്കുന്നത് മതസ്പര്‍ദ്ധ വളര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇത് ക്രിമിനല്‍ കുറ്റവും ഭരണഘടനാ വിരുദ്ധവുമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമം 153എ യും 195എ യും അനുസരിച്ച് ജാമ്യം കിട്ടാത്ത കുറ്റമാണെന്നും ജയചന്ദ്രന്‍ പറഞ്ഞു.