Connect with us

Ongoing News

ബാറ്റ്‌സ്മാന്മാര്‍ തകര്‍ത്താടി; മുംബൈക്ക് തകര്‍പ്പന്‍ ജയം

Published

|

Last Updated

ഇന്‍ഡോര്‍: ബാറ്റ്‌സ്മാന്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ ഐ പി എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈക്ക് എട്ട് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റിന് 198 റണ്‍സടിച്ചപ്പോള്‍ മുംബൈ 15.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്ത് ലക്ഷ്യം കടന്നു. ആറ് മത്സരങ്ങളില്‍ അഞ്ചിലും ജയം കുറിച്ച മുംബൈ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തി. ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവിലാണ് മുംബൈ ഇന്ത്യന്‍സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍ നേടിയത്. എന്നാല്‍ 37 പന്തില്‍ 77 നേടിയ ബട്‌ലറും 18 പന്തില്‍ 37 നേടിയ പാര്‍ഥിവ് പട്ടേലും 34 പന്തില്‍ 62 റണ്‍സടിച്ച നിധീഷ് റാണയും ചേര്‍ന്ന് മുംബൈക്ക് ജയമൊരുക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തു. ഓപണിംഗ് ബാറ്റ്‌സ്മാന്‍ കൂടിയായ അംല 60 പന്തില്‍ 104 റണ്‍സടിച്ച് പുറത്താകാതെ നിന്നു. ആറ് സിക്‌സറുകളും എട്ട് ബൗണ്ടറികളും നിറംപകര്‍ന്ന ഇന്നിംഗ്‌സായിരുന്നു അംലയുടേത്. താരത്തിന്റെ ആദ്യ ട്വന്റി 20 സെഞ്ച്വറിയും ഐ പി എല്‍ പത്താം സീസണിലെ രണ്ടാം സെഞ്ച്വറിയുമാണിത്. നേരത്തെ, ഡല്‍ഹിക്കായി മലയാളി താരം സഞ്ജു വി സാംസണ്‍ ആണ് ഈ സീസണില്‍ ആദ്യ സെഞ്ച്വറി കുറിച്ചത്. 18 പന്തില്‍ മൂന്ന് സിക്‌സറും നാല് ബൗണ്ടറികളും സഹിതം 40 റണ്‍സ് അടിച്ചൂകൂട്ടിയ ഗ്ലെന്‍ മാക്‌വെല്‍ അംലക്ക് ഉറച്ച പിന്തുണ നല്‍കി. മക്ലീനെഘാന്റെ മൂന്നാം ഓവറില്‍ മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെ പഞ്ചാബ് 28 റണ്‍സ് വാരി. ഇതില്‍ 26ഉം അടിച്ചെടുത്തത് മാക്‌സ്‌വെല്ലായിരുന്നു. ഷോണ്‍ മാര്‍ഷ് 26 റണ്‍സെടുത്തു.