ബാഡ്മിന്റണ്‍ റാങ്കിംഗ്: പി വി സിന്ധുവിന് മുന്നേറ്റം

Posted on: April 20, 2017 9:40 pm | Last updated: April 20, 2017 at 9:40 pm

ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് മുന്നേറ്റം. രണ്ട് റാങ്കുകള്‍ മെച്ചപ്പെടുത്തിയ സിന്ധു മൂന്നാം സ്ഥാനത്തേക്ക് കയറി. ഇന്ത്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് കിരീട നേട്ടമാണ് താരത്തിന്റെ റാങ്കിംഗ് മെച്ചപ്പെടുത്തിയത്. മലേഷ്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസില്‍ ആദ്യ റൗണ്ടില്‍ പുറത്തായതോടെ സിന്ധു അഞ്ചാം സ്ഥാനത്തേക്കിറങ്ങിയിരുന്നു. രണ്ടാഴ്ച മുമ്പ് കരിയര്‍ ബെസ്റ്റായ രണ്ടാം റാങ്കിലായിരുന്നു 21 കാരിയായ സിന്ധു. ലണ്ടന്‍ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവായ സൈന നെഹ്‌വാള്‍ ഒരു റാങ്ക് മെച്ചപ്പെടുത്തി ഒമ്പതിലെത്തി.

പുരുഷ സിംഗിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും ബി സായ് പ്രണീതും യഥാക്രമം, 21, 22 റാങ്കിലേക്ക് മുന്നേറി. കിഡംബി ശ്രീകാന്തിനെ ഫൈനലില്‍ പരാജയപ്പെടുത്തിയ സായ് പ്രണീത് സിംഗപ്പൂര്‍ ഓപണ്‍ കിരീടം നേടിയിരുന്നു. 13ാം റാങ്കുള്ള അജയ് ജയറാമാണ് റാങ്കിംഗില്‍ മുമ്പിലുള്ള ഇന്ത്യന്‍ താരം.