Gulf
ദാനവര്‍ഷത്തില്‍ റെഡ് ക്രെസന്റിന് വി പി എസിന്റെ 10 ലക്ഷം ദിര്‍ഹം

ദുബൈ: എമിറേറ്റ്‌സ് റെഡ് ക്രെസെന്റിന്റെ “സോമാലിയാ നിങ്ങള്‍ക്കായി” എന്ന സഹായ പദ്ധതിക്കായി വി പി എസ് ഗ്രൂപ്പ് 10 ലക്ഷം ദിര്‍ഹം സംഭാവന നല്‍കി. ഇതിനായുള്ള സമ്മതപത്രത്തില്‍ റെഡ് ക്രെസന്റ് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അതീഖ് അല്‍ ഫലാഹിയും വി പി എസ് ഹെല്‍ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയക്ടറുമായ ഡോ. ഷംഷീര്‍ വയലിലും ഒപ്പുവെച്ചു.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ആഹ്വാനപ്രകാരം, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെയും അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും നിര്‍ദേശങ്ങളോടെ നടപ്പിലാക്കുന്നതാണ് “സോമാലിയാ നിങ്ങള്‍ക്കായി” എന്ന ക്ഷേമ പദ്ധതി.
സോമാലിയയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വി പി എസ് ഹെല്‍ത് കെയര്‍ എന്നും നല്‍കിവരുന്ന സഹായങ്ങള്‍ മാതൃകയാണ്. പ്രകൃതി ദുരന്തങ്ങള്‍കൊണ്ട് രൂക്ഷമായ ക്ഷാമം നേരിടുന്ന സോമാലിയന്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസവുമാണ്. ദാന വര്‍ഷത്തില്‍ റെഡ് ക്രെസന്റ് ലക്ഷ്യമിടുന്ന 500 മില്യണ്‍ ദിര്‍ഹം സമാഹരണത്തിന് വലിയ പ്രചോദനവുമാണെന്ന് ഡോ. മുഹമ്മദ് അതീഖ് അല്‍ ഫലാഹി അഭിപ്രായപ്പെട്ടു.
വി പി എസ് ഹെല്‍ത് കെയര്‍ റെഡ് ക്രെസന്റ് പ്രവര്‍ത്തനങ്ങളുമായി ചേര്‍ന്ന് നിരന്തരം സഹകരിച്ചു പോന്നിട്ടുണ്ട്. 2016 ഡിസംബറില്‍ നല്‍കിയ 10 ലക്ഷം ഡോളറിന്റെ സംഭാവനയും ഇന്ന് സോമാലിയക്കായുള്ള ഈ സഹായവും ഇത് സാക്ഷ്യപ്പെടുത്തുന്നു.
“ദാന വര്‍ഷം” എന്ന ശൈഖ് ഖലീഫയുടെ പ്രഖ്യാപനം ജീവകാരുണ്യ സഹായങ്ങള്‍ ആവശ്യപ്പെടുന്ന ഈ മേഖലക്ക്, പ്രത്യേകിച്ച് സോമാലിയ പോലുള്ള പ്രദേശങ്ങള്‍ക്ക് ആശാകേന്ദ്രമായിരിക്കുകയാണ്. ഇതിനനുഗുണമായി റെഡ് ക്രെസന്റ് നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയിലുള്ളവര്‍ക്ക് വലിയ ആശ്വാസം പകരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് വി പി എസ് ഹെല്‍ത് കെയര്‍ നല്‍കുന്ന സഹായം, “സോമാലിയാ നിങ്ങള്‍ക്കായി” പദ്ധതിയുടെ ലക്ഷ്യപ്രാപ്തിയിലെത്താന്‍ സഹായകമാവട്ടെയെന്നും ഡോ. ഷംഷീര്‍ ആശംസിച്ചു.