ലീഗ് വിജയാഹ്ലാദത്തിന്റെ ഭാഗമായുള്ള ലഡു വിതരണത്തിന് കാലിക്കറ്റില്‍ വിലക്ക്‌

Posted on: April 19, 2017 12:25 am | Last updated: April 19, 2017 at 12:25 am

തേഞ്ഞിപ്പലം: ലോക്‌സഭാ ഉപ തിരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ വിജയാഹ്ലാദത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ നടത്തിയ ലഡു വിതരണം വിലക്കി. ലീഗ് അനുകൂല സര്‍വീസ് സംഘടനാ പ്രവര്‍ത്തകര്‍ ലഡു വിതരണം ചെയ്തതിനെയാണ് വൈസ് ചാന്‍സിലര്‍ ഡോ. കെ മുഹമ്മദ് ബശീര്‍ വിലക്കിയത്. ഇന്നലെ ലഡു വിതരണത്തിനായി വി സിയുടെ ചേംബറില്‍ എത്തിയ സോളിഡാരിറ്റി ഓഫ് യൂനിവേഴ്‌സിറ്റി എംപ്ലോയീസ് പ്രവര്‍ത്തകരെ വി സി ചോദ്യം ചെയ്‌തെന്നും ലഡു വിതരണം നടത്താന്‍ പാടില്ലെന്ന് വിലക്കിയെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.

നിങ്ങളാരാ രാഷ്ട്രീയക്കാരാണോ, ജീവനക്കാര്‍ക്ക് രാഷ്ട്രീയം പാടുണ്ടോ എന്നെല്ലാം ചോദിച്ച വിസി ക്യാമ്പസില്‍ രാഷ്ട്രീയം പാടില്ലെന്ന വിവരം അറിയില്ലേയെന്നും ജീവനക്കാരോട് ചോദിച്ചു.
ലഡു വിതരണം വി സിയുടെ ഓഫീസില്‍ നിന്ന് തുടങ്ങാമെന്ന് തീരുമാനിച്ചാണ് പ്രവര്‍ത്തകര്‍ വി സിയുടെ ചേമ്പറിലെത്തിയത്. എന്നാല്‍, വിസിയുടെ പ്രതികരണം അപ്രതീക്ഷിതമായതിന്റെ പ്രകോപനത്തില്‍ ജീവനക്കാരുടെ സംഘടനാ നേതൃത്വം ലീഗ് നേതാക്കളെ ഫോണില്‍ വിളിച്ച് അതൃപ്തി അറിയിച്ചു. ച്ചെന്നാണ് വിവാദം. വി സിയുടെ ചേംബറില്‍ രജിസ്ട്രാറും പ്രൊ വൈസ് ചാന്‍സിലറും ഇരിക്കെയാണ് വി സിയുടെ ചോദ്യം ചെയ്യലെന്നാണ് ജീവനക്കാരുടെ പരാതി.

യു ഡി എഫ് ഭരണ കാലത്ത് മുസ്‌ലിം ലീഗിന്റെ ഉന്നതരായ നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് ലീഗ് നോമിനിയായി കാലിക്കറ്റിലെ വി സി സ്ഥാനത്ത് മുഹമ്മദ് ബശീര്‍ എത്തിയത്. ലീഗ് നോമിനിയായി എത്തിയ വി സിയില്‍ നിന്ന് ഈ വിധത്തിലുള്ള പ്രതികരണമുണ്ടായതാണ് വിവാദത്തിന് കാരണം.