കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താലിനെതിരെ ജില്ലയിലെ ബസുടമകളും രംഗത്ത്

Posted on: April 18, 2017 10:30 pm | Last updated: April 18, 2017 at 10:16 pm

കാസര്‍കോട്: ജില്ലയെ ഹര്‍ത്താല്‍ വിമുക്തമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ക്കുപുറമെ സ്വകാര്യബസുടമകളും രംഗത്തിറങ്ങി. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് ഇത്തരമൊരാവശ്യമുന്നയിച്ച് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയത്.

ഹര്‍ത്താല്‍ മൂലം സാധാരണ ജനങ്ങളുടെയും കച്ചവടക്കാരുടെയും ബസുടമകളുടെയും മറ്റു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെയും ജീവിതം ദുരിതപൂര്‍ണ്ണമായിക്കൊണ്ടിരിക്കുകയാണ്. സാധാരണ ജനങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് അടുത്തുള്ള ടൗണില്‍ പോകാനോ ആശുപത്രിയില്‍ പോകാനോ സാധിക്കുന്നില്ല. ജനങ്ങള്‍ നഗരത്തില്‍ എത്താത്തത് കാരണം വ്യാപാരികള്‍ക്ക് കച്ചവടം ഇല്ലാത്ത അവസ്ഥയാണുള്ളത്. തൊട്ടടുത്ത ദിവസങ്ങളില്‍ സംഘര്‍ഷമുണ്ടാകുമോയെന്ന് ഭയന്ന് യാത്രക്കാര്‍ ബസുകളില്‍ കയറാന്‍ മടിക്കുന്നു. ഇതുകാരണം ബസ് സര്‍വീസ് വളരെ നഷ്ടത്തിലാണ്.

കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ കൊണ്ടുപോയി ചന്തയില്‍ വില്‍ക്കാന്‍ സാധിക്കുന്നില്ല. ഇങ്ങനെ എല്ലാ മേഖലകളിലും പ്രതിസന്ധിയും സാമ്പത്തികമാന്ദ്യവുമാണ് ഹര്‍ത്താല്‍ മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
എവിടെയെങ്കിലും ഒരു അടിപിടിയോ വാക്കുതര്‍ക്കമോ ഉണ്ടായാല്‍ അടുത്ത ദിവസം ഹര്‍ത്താല്‍ ഉണ്ടാകുമോ എന്ന് ജനം ഭയക്കുന്നു. ഇതുമൂലം ജില്ലയുടെ സാമ്പത്തിക ഭദ്രത തന്നെ തകിടം മറഞ്ഞിരിക്കയാണ്. അതുകൊണ്ട് തന്നെ ജില്ലയെ ഹര്‍ത്താല്‍ വിമുക്തജില്ലയാക്കേണ്ടത് എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യമാണ്. ഇതിനായി ജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമുദായസാമൂഹിക സംഘടനകളുടെയും കൂട്ടായ സഹകരണം അത്യാവശ്യമാണ്. ഇവരുടെയെല്ലാം സഹകരണം തേടുന്നതിന് ജില്ലാഭരണകൂടം ശ്രമിക്കണമെന്നും ആയതിന് എല്ലാ വിഭാഗം ജനങ്ങളെയും സഹകരിപ്പിച്ച് ജില്ലയെ ഹര്‍ത്താല്‍ വിമുക്ത ജില്ലയാക്കി മാറ്റണമെന്നും ഫെഡറേഷന്‍ കത്തില്‍ ആവശ്യപ്പെട്ടു. നേരത്തെ വ്യാപാരി വ്യവസായി ഏകോപനസമിതിയും ഇതുസംബന്ധിച്ച് കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു.