ഷാര്‍ജയില്‍ കപ്പല്‍ ജീവനക്കാര്‍ ദുരിതത്തില്‍

Posted on: April 15, 2017 2:23 pm | Last updated: April 15, 2017 at 2:23 pm

ഷാര്‍ജ: ഒരു വര്‍ഷമായി ഷാര്‍ജയില്‍ നങ്കൂരമിട്ട കപ്പലില്‍ നിരവധി ഇന്ത്യക്കാര്‍ പട്ടിണിയില്‍. ആവശ്യത്തിന് കുടിവെള്ളം പോലും കിട്ടാതെ ദുരിതജീവിതം നയിക്കുകയാണ് ഈ യുവാക്കള്‍. 20 മാസമായി ശമ്പളമില്ലാതെ, കുടുങ്ങി കിടക്കുകയാണെന്ന് ഇവര്‍ ഇന്ത്യയിലെ ഇംഗ്ലീഷ് മാധ്യമങ്ങളോട് പറഞ്ഞു. ജോലിക്കെടുത്ത കപ്പല്‍ കമ്പനി പാസ്‌പോര്‍ട്ടും മറ്റെല്ലാ രേഖകളും പിടിച്ചു വെച്ചിരിക്കുകയാണ്. ഞങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. പക്ഷേ കൈയില്‍ ശമ്പളവുമായി നാട്ടിലേക്ക് മടങ്ങാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എം വി സലീം എന്ന കപ്പലിലെ ക്യാപ്റ്റന്‍ അനൂപ് പഥക്ക് പറയുന്നു. അനൂപ് പഥക്കിന് ഒരു വര്‍ഷമായി കമ്പനി ശമ്പളം കിട്ടിയിട്ട്. കപ്പലിലെ മുഴുവന്‍ ജീവനക്കാരും ഇന്ത്യക്കാരാണ്. പലര്‍ക്കും 20 മാസത്തെ ശമ്പളം കിട്ടാനുണ്ട്. പാസ്‌പോര്‍ട്ടും രേഖകളും ആരുടെയും കൈയിലില്ലാത്തതിനാല്‍ കപ്പലുടമ അനുകൂല സാഹചര്യങ്ങളൊരുക്കി തരാതെ കപ്പലിന് ഒരിഞ്ച് നീങ്ങാനാവില്ല. ഷാര്‍ജയിലെ മീനാഖാലിദ് തുറമുഖത്തിനരികെയാണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. തുറമുഖത്ത് പോലും പ്രവേശിക്കാനാവാത്ത വിധം തങ്ങള്‍ ഈ കടലില്‍ കുടുങ്ങി കിടക്കുകയാണെന്നും യുവാക്കള്‍ പറയുന്നു.

ഇന്ത്യന്‍ സര്‍ക്കാരിനോട് തങ്ങളെ രക്ഷപ്പെടുത്തണമെന്ന് അപേക്ഷിക്കുകയാണിവര്‍. 2016 മാര്‍ച്ചിലാണ് ഡെറാഡൂണ്‍, പഞ്ചാബ്, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിങ്ങനെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ജീവനക്കാരടങ്ങിയ കപ്പല്‍ ഇന്ത്യയില്‍നിന്ന് ഷാര്‍ജയിലേക്ക് പോവുന്നത്.