വിഷുവിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി

Posted on: April 13, 2017 12:32 pm | Last updated: April 13, 2017 at 11:33 am

എടവണ്ണ: പൊള്ളുന്ന ചൂടിലും വിഷുവിനെ വരവേല്‍ക്കാല്‍ ഗ്രാമങ്ങളും നഗരങ്ങളും ഒരുങ്ങി. വിപണികള്‍ കീഴടക്കിയ ചൈനീസ് പടക്കങ്ങളാണ് താരം. പച്ചക്കറികള്‍ക്ക് തൊട്ടാല്‍ പൊള്ളുന്ന വിലയായിട്ടും പച്ചക്കറി കടകളിലും വഴിയോര വിപണികളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
വിഷുവിന് സദ്യ ഒരുക്കുന്നതിനും കണിവെക്കുന്നതിനുമൊക്കെ പച്ചക്കറികള്‍ അത്യാവശ്യമായതിനാല്‍ വില ആരും കാര്യമാക്കാറില്ല. വില ഇനിയും ഉയരാനിടയുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഓരോ ഇനത്തിന്റെയും വിലയിലുള്ള വ്യത്യാസം കേട്ടാല്‍ ഉപഭോക്താക്കളുടെ കണ്ണുതള്ളും. തുച്ഛമായ വിലയ്ക്ക് കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന പച്ചക്കറികള്‍ ഇടനിലക്കാരിലൂടെയും വ്യാപാരികളിലൂടെയും കൈമറിഞ്ഞ് ഉപഭോക്താക്കളിലേക്കെത്തുമ്പോഴേക്കും വിലയില്‍ വന്‍ വ്യത്യാസം വന്നിട്ടുണ്ടാകും. കടത്തുകൂലിയും നികുതിയും കിഴിച്ചാലും വന്‍ ‘സാമ്പത്തിക’ കൊള്ളയാണ് പച്ചക്കറി വിപണനത്തില്‍ നടക്കുന്നത്. വിഷുവിന് പടക്കം വാങ്ങാനുള്ള തിരക്കിലാണ് എല്ലാവരും.

മുന്‍കാലങ്ങളെ പോലെ ഇത്തവണയും ചൈനീസ് പടക്കങ്ങള്‍ക്കാണ് വിപണിയില്‍ ഡിമാന്‍ഡ്. 20 രൂപ മുതല്‍ 7000 രൂപ വരെയാണ് പടക്ക വിപണിയിലെ വില. ആഘോഷങ്ങള്‍ക്ക് വര്‍ണ്ണം വിതറാന്‍ ചൈനീസ് ഇനങ്ങളടക്കമുള്ള പടക്കങ്ങളുമായി വിപണി ചൂട് പിടിക്കുന്നു.
കമ്പിത്തിരി മുതല്‍ കെട്ടൊന്നിന് ആയിരങ്ങള്‍ വിലയുള്ള മള്‍ട്ടി കളറില്‍ പൊട്ടുന്ന വെടിക്കെട്ട് ഇനങ്ങളും വിപണിയില്‍ ലഭ്യമാണ്. ആകാശത്ത് വര്‍ണങ്ങള്‍ വാരിവിതറുന്ന വെടിക്കെട്ടിന് തുല്യം വെക്കാവുന്ന ഒന്നിച്ചുള്ള വലിയ ഐറ്റത്തിന് വലിയ വിലവരും. അന്യസംസ്ഥാന തൊഴിലാളികളും വിഷുവിനെ വരവേല്‍ക്കാന്‍ പടക്കങ്ങള്‍ വാങ്ങാന്‍ വിപണികളില്‍ എത്തുന്നുണ്ട്. മുന്‍വര്‍ഷങ്ങളിലെ പോലെ ഇക്കുറിയും ഓലപ്പടക്കങ്ങള്‍ വിപണിയില്‍ കുറവാണ്. മറ്റുള്ള മേഖലകളിലേതുപോലെ ചെറിയ തോതിലുള്ള വിലവര്‍ധന പടക്ക വിപണിയില്‍ ഉണ്ടെങ്കിലും വിഷുവിപണി പൊടിപൊടിക്കുകയാണ്. ചൈനീസ് പടക്കങ്ങള്‍ താരതമ്യേന അപകട രഹിതവും സുരക്ഷിതത്വവും ഉറപ്പുനല്‍കുന്നുണ്ട്. വിലയും കുറവാണ്.