Connect with us

International

സിറിയന്‍ ആക്രമണത്തിന് ട്രംപിനെ 'ഉപദേശിച്ചത്' മകള്‍

Published

|

Last Updated

വാഷിംഗ്ടണ്‍: സിറിയന്‍ വ്യോമത്താവളത്തിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രേരിപ്പിച്ചത് മകള്‍ ഇവാങ്കയെന്ന് വെളിപ്പെടുത്തല്‍. ട്രംപിന്റെ മകനും ഇവാങ്കയുടെ സഹോദരനുമായ എറിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്റെ ഉപദേശകയായി വൈറ്റ് ഹൗസില്‍ തന്നെ സേവനം അനുഷ്ഠിക്കുന്ന ഇവാങ്ക ഇതിനിടെ പല നയതന്ത്ര കാര്യത്തിലും ഇടപെട്ടിട്ടുണ്ടെന്നാണ് സൂചന. രാഷ്ട്രീയ, ഭരണ, നയതന്ത്ര മേലകളിലൊന്നും മുന്‍ പരിചയമില്ലാത്ത ഇവാങ്കയെ ഉപദേശകയാക്കിയതില്‍ വ്യാപക ആരോപണം ഉയര്‍ന്നുകൊണ്ടിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍.

സിറിയയിലെ സാധാരണക്കാര്‍ക്ക് നേരെ ഭരണകൂടം രാസായുധം പ്രയോഗിച്ച വാര്‍ത്തയും ചിത്രങ്ങളും ഇവാങ്കക്ക് അത്രയധികം വേദനാജനകമായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ ഇവാങ്കയെ സിറിയന്‍ രാസായുധ ആക്രമണത്തില്‍ മരിച്ച കുട്ടികളുടെ അവസ്ഥ അസ്വസ്ഥയാക്കി. ഈ വേദന കൂടി തിരിച്ചറിഞ്ഞാണ് സിറിയന്‍ ഭരണകൂടത്തിന് മറുപടി നല്‍കണമെന്ന ഉറച്ച തീരുമാനത്തിലേക്ക് ട്രംപ് എത്തിയത് എന്നാണ് എറിക് പറയുന്നത്. ദി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് എറിക് ഇക്കാര്യം വ്യക്തമാക്കിയത്.
ട്രംപിന്റെ ആദ്യ ഭാര്യയിലുണ്ടായ മകളാണ് ഇവാങ്ക. സിറിയയിലെ രാസായുധ ആക്രമണങ്ങളുടെ ചിത്രങ്ങള്‍ കണ്ട ഉടനെ ആക്രമണത്തിന് ട്രംപ് ആഹ്വാനം ചെയ്തുവെന്ന ആരോപണങ്ങളെ നേരിടാനാണ് പുതിയ വെളിപ്പെടുത്തലെന്ന് കരുതുന്നു. രാസായുധ ആക്രമണം നടത്തിയത് ആരാണെന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുകയാണ്. വിമതരാണെന്ന് സിറിയ ആരോപിക്കുമ്പോള്‍ റഷ്യയും സിറിയന്‍ സൈന്യവും ചേര്‍ന്നാണ് ആക്രമണം നടത്തിയത് എന്നാണ് വിമതരുടെയും അവരെ പിന്തുണക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെയും ആരോപണം.

 

Latest