കുടിവെള്ളത്തിന് കാത്തിരിപ്പ് തുടരുമ്പോഴും റോഡില്‍ വന്‍തോതില്‍ ജലം പാഴാകുന്നു

Posted on: April 12, 2017 1:59 pm | Last updated: April 12, 2017 at 1:26 pm

ഫറോക്ക്: വേനല്‍ കനത്തതോടെ കുടിവെള്ളത്തിനായി നാടും നഗരവും നെട്ടോട്ടമോടി തളരുമ്പോഴും ഫറോക്കില്‍ ദിവസേന പാഴായി കൊണ്ടിരിക്കുന്നത് ലിറ്റുകളോളം ശുദ്ധജലം. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഫറോക്ക് ടൗണിലും സമീപ പ്രദേശങ്ങളിലും സ്ഥാപിച്ച ഭൂഗര്‍ഭ പൈപ്പ് ലൈനുകളില്‍ നിന്ന് ഒരു മാസമായി പല സമയങ്ങളിലായി ശുദ്ധജലം റോഡിലൊഴുകി കൊണ്ടിരിക്കുന്നത്. ജപ്പാന്‍ കുടിവെള്ളം പരീക്ഷണ അടിസ്ഥാനത്തില്‍ കടത്തിവിട്ടത് മുതല്‍ അഞ്ചാം തവണയാണ് വിവിധയിടങ്ങളിലായി ജപ്പാന്‍ ഭൂഗര്‍ഭ പൈപ്പ് ലൈനുകള്‍ പൊട്ടി ശുദ്ധജലം പാഴായി കൊണ്ടിരിക്കുന്നത്.

കരുവന്‍ തിരുത്തി റോഡിലെ റെയില്‍വെ അടിപ്പാതയിലും റോഡിലുമായി മണിക്കുറുകളോളം വെള്ളം കെട്ടിക്കിടന്നു. ഒരാഴ്ച മുമ്പ് ഫറോക്ക് ബോട്ട് ജെട്ടിക്കു സമീപത്തെ കടലുണ്ടി ഭാഗത്തേക്ക് കുടിവെളമെത്തിക്കുന്ന പ്രധാന വിതരണ കുഴലില്‍ ചോര്‍ച്ചയുണ്ടായിരുന്നു. ഇതേ പൈപ്പ് ലൈനില്‍ തന്നെയാണ് കഴിഞ്ഞ രണ്ട് ദിവസമായി പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് റോഡില്‍ ശുദ്ധജലം പരന്നൊഴുകുന്നത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വീണ്ടും പൈപ്പ് ലൈനില്‍ നിന്നും ഒരു മീറ്ററിലധികം ഉയരത്തില്‍ പുറത്തേക്ക് വെള്ളം പമ്പ് ചെയ്തത്. പരീക്ഷണാടിസ്ഥാനത്തില്‍ പ്രധാന പൈപ്പിലൂടെ നാലാം ഘട്ട ജപ്പാന്‍ കുടി വെള്ളം കടത്തിവിടുന്നതിനിടയിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പുറത്തേക്ക് ഒഴുകിയത്. കഴിഞ്ഞ മാസം രണ്ടാം ഘട്ടത്തില്‍ കുടിവെള്ളം കടത്തിവിട്ട സമയത്ത് വെള്ളം പുറത്തേക്ക് ഒഴുകി
ബസ്സ്റ്റാന്‍ഡിനു മുന്നിലെ കടലുണ്ടി റോഡ് തകര്‍ന്നിരുന്നു. ഈ ചോര്‍ച്ച കഴിഞ്ഞ ദിവസമാണ് അടച്ചത്. ഇതിന് ശേഷം ആദ്യമായി വീണ്ടും ലൈനില്‍ വെള്ളം കടത്തിവിട്ടതോടെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വീണ്ടും ചോര്‍ച്ചയുണ്ടായത്. ഫറോക്ക് പഴയ പാലം പരിസരത്തുള്ള വാല്‍വ് ജലവകുപ്പ് ജിവനക്കാര്‍ അടച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ജലശനഷ്ടം ഒഴിവായി. കെ എസ് ഇ ബി ജോലിക്കിടെ സംഭവിച്ച പാകപ്പിഴയാവാം ജലവിതാന പെപ്പുകളുടെ തകര്‍ച്ചക്ക് കാരണമായതെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വെള്ളം പുറത്തേക്ക് കുത്തി ഒഴുകാന്‍ തുടങ്ങിയതോടെ സംഭവമറിയാതെ നിരവധി പേര്‍ തടിച്ചു കൂടി. സംഭവമറിഞ്ഞ് ഉടനെ ഉദ്യോഗസ്ഥരും സ്ഥലതെത്തിയിരുന്നെങ്കിലും ചോര്‍ച്ച പൂര്‍ണ്ണമായും അടക്കാന്‍ കഴിഞ്ഞില്ല.