റയലും ബയേണും നേര്‍ക്കുനേര്‍

>>ടെന്‍ 1,2 ചാനലില്‍ രാത്രി 12.15 തത്‌സമയം. >>യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡ് ബയേണ്‍ മ്യൂണിക്കിനെയും ലെസ്റ്റര്‍ സിറ്റി അത്‌ലറ്റിക്കോ മാഡ്രിഡിനെയും നേരിടും
Posted on: April 12, 2017 10:26 am | Last updated: April 12, 2017 at 1:39 pm
റയല്‍ മാഡ്രിഡ് താരങ്ങള്‍
പരിശീലനത്തില്‍റയല്‍ മാഡ്രിഡ് താരങ്ങള്‍
പരിശീലനത്തില്‍

ബെര്‍ലിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ആദ്യപാദ ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. ബയേണിന്റെ തട്ടകമായ അലൈയ്ന്‍സ് അരീനയില്‍ വെച്ചാണ് പോരാട്ടം. ലാ ലിഗയില്‍ കിരീടപ്പോരാട്ടത്തില്‍ മുന്നിട്ടു നില്‍ക്കുന്ന റയലും ബുണ്ടസ്‌ലിഗയില്‍ ഒന്നാമതായി മുന്നേറുന്ന ബയേണും നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടം ആവേശമാകും.
ബുണ്ടസ് ലിഗയില്‍ കഴിഞ്ഞ മത്സരത്തില്‍ ചിരവൈരികളായ ബൊറുസിയ ഡോട്മുണ്ടിനെ മലര്‍ത്തിയടിച്ചാണ് ബയേണിന്റെ വരവ്. ഒന്നിനെതിരെ നാല് േേഗാളുകള്‍ക്കാണ് ബയേണ്‍ വിജയം കണ്ടത്. റയലിനാകട്ടെ, ലാലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് സമനില വഴങ്ങിയതിന്റെ ക്ഷീണമുണ്ട്.

പ്രീ ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ മുന്‍നിര ടീമായ നാപ്പോളിയെ കീഴടക്കിയാണ് റയല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഇരു പാദങ്ങളിലുമായ 6-2 സ്‌കോറിനായിരുന്നു റയലിന്റെ മുന്നേറ്റം. അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ആഴ്‌സണലിനെ മലര്‍ത്തിടിച്ചാണ് ബയേണ്‍ അവസാന എട്ടില്‍ പ്രവേശിച്ചത്. ഇരു പാദങ്ങളിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത ബയേണ്‍ 10-2 സ്‌കോറിനാണ് ആഴ്‌സണലിനെ കീഴടക്കിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫോമില്‍ തിരിച്ചെത്താത്താണ് റയല്‍ പരിശീലകന്‍ സിനദിന്‍ സിദാനെ വലക്കുന്നത്. അവസാനം കളിച്ച ഒമ്പത് മത്സരങ്ങളില്‍ നിന്ന് താരം അഞ്ച് ഗോളുകള്‍ മാത്രമാണ് താരം സ്‌കോര്‍ ചെയ്തത്. ടീമില്‍ ക്രിസ്റ്റ്യാനോക്കെതിരെ സഹതാരങ്ങള്‍ സംഘടിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

സൂപ്പര്‍ താരം മാറ്റ് ഹമ്മല്‍സിന്റെയും പരുക്കാണ് ബയേണിന്റെ തലവേദന. എന്നാല്‍ പരുക്കില്‍ നിന്ന് മുക്തരായ ലെവന്‍ഡോസ്‌കിയും മാന്വല്‍ ന്യൂയെറും തോമസ് മുള്ളറും കളത്തിലിറങ്ങുന്നത് അവര്‍ക്ക് ആശ്വാസമാണ്. ലെവെന്‍ഡോസ്‌കിക്കൊപ്പം റിബറി, മുള്ളര്‍, ആര്യന്‍ റോബര്‍ എന്നിവര്‍ ആക്രമണങ്ങള്‍ നയിക്കും. വിദാലും തിയഗോയും മധ്യനിരയില്‍ കളി മെനയുമ്പോള്‍ ആല്‍ബ, മാര്‍ട്ടിനസ്, ബോട്ടെംഗ്, ഫിലിപ്പ് ലാം എന്നിവര്‍ റയലിന്റെ ആക്രമണങ്ങളെ ചെറുക്കാന്‍ സജ്ജരാകും.

വരാനെ, പെപ്പെ എന്നിവര്‍ പരുക്കില്‍ നിന്ന് മുക്തമായിട്ടില്ലെന്നത് റയലിന് തിരിച്ചടിയാണ്. ഇവര്‍ക്ക് പകരമായി നച്ചോ, സെര്‍ജിയോ റാമോസ് എന്നിവര്‍ കളിക്കും. 2014ല്‍ ആണ് ഇരു ടീമുകളും ഇതിന് മുമ്പ് പരസ്പരം ഏറ്റുമുട്ടിയത്. അന്ന് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് റയല്‍ ബയേണിനെ കീഴടക്കിയിരുന്നു. റാമോസ്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരാണ് റയലിനായി സ്‌കോര്‍ ചെയ്തത്.

ലെസ്റ്ററിന് ജയിക്കണം; അത്‌ലറ്റിക്കോക്കും

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രക്കുതിപ്പ് തുടരുന്ന ലെസ്റ്റര്‍ സിറ്റി ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ ആദ്യ പാദത്തില്‍ ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. കോച്ച് ക്രയാഗ് ഷേക്‌സ്പിയര്‍ ചുമുതലയേറ്റെടുത്ത ശേഷം തകര്‍പ്പന്‍ ഫോം തുടരുന്ന നീലക്കുറുക്കന്മാര്‍ക്ക് മാഡ്രിഡിനെ വീഴ്ത്താന്‍ കഴിഞ്ഞാല്‍ അത് മറ്റൊരു സംഭവമാകും.
ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറില്‍ ഇടം കണ്ടെത്തിയ ഏക ഇംഗ്ലീഷ് ക്ലബാണ് ലെസ്റ്റര്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇത്തവണ മോശം പ്രകടനമാണ് നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റര്‍ പുറത്തെടുത്തത്. അതിനാല്‍ ചാമ്പ്യന്‍സ് ലീഗിലെ സെമി എന്നത് അവര്‍ക്ക് സ്വപ്‌നതുല്യമായ നേട്ടമാകും. പ്രീമിയര്‍ ലീഗില്‍ 31 പോയിന്റ് മാത്രമുള്ള അവര്‍ നിലവില്‍ 11ാം സ്ഥാനത്താണ്. ക്വാര്‍ട്ടറില്‍ സെവിയ്യയെ കീഴടക്കിയാണ് ലെസ്റ്റര്‍ അവസാന എട്ടില്‍ പ്രവേശിച്ചത്. ഇരുപാദങ്ങളിലുമായി 3-2 സ്‌കോറിനായിരുന്നു ജയം.
അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ റണ്ണേഴ്‌സപ്പായ അത്‌ലറ്റിക്കോ മാഡ്രിഡ് ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. അതിന് ഇന്നത്തെ ജയം അനിവാര്യം. മൂന്ന് വര്‍ഷത്തിനിടെ രണ്ട് തവണ ഫൈനലില്‍ പ്രവേശിച്ചെങ്കിലും കിരീടമില്ലാതെ മടങ്ങാനായിരുന്നു വിധി. കഴിഞ്ഞ തവണ ഫൈനലില്‍ റയല്‍ മാഡ്രിഡിനോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അത്‌ലറ്റിക്കോ മാഡ്രിഡ് തോല്‍വി വഴങ്ങിയത്. 2014ലും റയലിനോട് തന്നെയായിരുന്നു തോല്‍വി. ഇത്തവണ പ്രീ ക്വാര്‍ട്ടറില്‍ ജര്‍മന്‍ ക്ലബ് ബയര്‍ ലവര്‍കൂസനെ തോല്‍പ്പിച്ചാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ക്വാര്‍ട്ടര്‍ പോരാട്ടത്തിന് യോഗ്യത നേടിയത്.