മരുന്നുകളുടെ ഗുണനിലവാര പരിശോധന പാതിവഴിയില്‍

Posted on: April 12, 2017 8:22 am | Last updated: April 11, 2017 at 11:23 pm

കണ്ണൂര്‍: സംസ്ഥാനത്ത് മരുന്നുകളുടെ ഗുണനിലവാര പരിശോധനക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ആരോഗ്യവകുപ്പ് വിമുഖത കാട്ടുന്നു. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നത് കര്‍ശനമാക്കണമെന്നുള്ള ആവശ്യം സര്‍ക്കാര്‍ തന്നെ നിരന്തരം ഉയര്‍ത്തുമ്പോഴാണ് ആവശ്യത്തിന് പരിശോധകര്‍ ഇല്ലാതെ സംസ്ഥാനത്തെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം വിയര്‍ക്കുന്നത്. ഇതു കാരണം ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മാത്രം വില്‍ക്കേണ്ട നിയന്ത്രിത മരുന്നുകളുടെ വില്‍പന സംബന്ധിച്ച് മെഡിക്കല്‍ സ്‌റ്റോറുകളിലെ പരിശോധനകള്‍ ഉള്‍പ്പടെ പേരിനു മാത്രമായൊതുങ്ങുന്നു.

1997ല്‍ സംസ്ഥാനത്ത് 8,000 മെഡിക്കല്‍ ഷോപ്പുകളുണ്ടായിരുന്നപ്പോള്‍ നിയമിക്കപ്പെട്ട 45 ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ മാത്രമാണ് ഇപ്പോഴും മരുന്നു പരിശോധനകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത്. സംസ്ഥാനത്താകെ പതിനാറായിരത്തില്‍പ്പരം മെഡിക്കല്‍ സ്റ്റോറുകളുള്ള ഇപ്പോഴത്തെ സാഹചര്യത്തിലും ഇതിനനുസൃതമായി തസ്തികകള്‍ സൃഷ്ടിക്കാനോ കൂടുതല്‍ പേരെ നിയമിക്കാനോ സര്‍ക്കാര്‍ തലത്തില്‍ യാതൊരു നടപടികളുമുണ്ടായിട്ടില്ല. 200 മരുന്നു കടകള്‍ക്കെങ്കിലും ഒരു ഡ്രഗ് ഇന്‍സ്‌പെക്ടര്‍ വേണമെന്നാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇത് നടപ്പാക്കാന്‍ പോലും വര്‍ഷങ്ങളായി കഴിയുന്നില്ല. ഇതു കൂടാതെ നാലോ അഞ്ചോ ഇന്‍സ്‌പെക്ടര്‍മാരുടെ സേവനം ലഭിക്കേണ്ട പല ജില്ലകളിലും ഒരു ഡ്രഗ് ഇന്‍സ്‌പെക്ടര്‍ മാത്രമാണുള്ളത്.
ഇടുക്കി, കാസര്‍കോട്, വയനാട് ജില്ലകളിലാണ് ഒരു ഡ്രഗ് ഇന്‍സ്‌പെക്ടറുടെ മാത്രം സേവനം ലഭിക്കുന്ന ജില്ലകള്‍. പരിശോധന നടത്തേണ്ട ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ജില്ലകളില്‍ എവിടെയും വാഹനമില്ലെന്നതാണ് മറ്റൊരു പ്രശ്‌നം. നൂറുകണക്കിന് മെഡിക്കല്‍ ഷോപ്പുകളില്‍ മാസത്തില്‍ പലതവണ പരിശോധനകള്‍ നടത്താനും പിടിച്ചെടുക്കുന്ന സാമ്പിളുകളും മറ്റും പരിശോധനക്ക് അയക്കാനും കേസുകള്‍ക്കായി കോടതികള്‍ കയറിയിറങ്ങാനുമെല്ലാം സ്വന്തമായി വാഹനമില്ലാത്തത് ഇവരെ പ്രയാസപ്പെടുത്തുന്നുണ്ട്. നിലവിലുള്ള ഇന്‍സ്‌പെക്ടര്‍മാര്‍ തന്നെ ഒന്നിലേറെ താലൂക്കില്‍ പരിശോധന നടത്തേണ്ടതുണ്ട്.
മരുന്നുകളില്‍ മാത്രമല്ല, സൗന്ദര്യവര്‍ധക വസ്തുക്കളുള്‍പ്പടെ പലപ്പോഴും പരിശോധിക്കേണ്ട സാഹചര്യമാണ് ഇപ്പോഴെന്നതിനാല്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ പലപ്പോഴും വലിയ വിഷമതകളാണ് നേരിടുന്നത്. ഇതിനു പുറമെ ഓഫീസ് നടപടികളും മെഡിക്കല്‍ ഷോപ്പിന്റെ ലൈസന്‍സ്, ഫാര്‍മസിസ്റ്റുകളുടെ ലൈസന്‍സ് എന്നിവ തീര്‍പ്പാക്കല്‍ തുടങ്ങിയ ഓഫീസ് നടപടിക്രമങ്ങളും ഏറെയാണ്. ഇരട്ടി ജോലിഭാരം കാരണം പുറത്ത് പരിശോധന നടത്താന്‍ പലപ്പോഴും ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കഴിയുന്നില്ല. ഒരു താലൂക്കില്‍ ഒരു ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ എങ്കിലും ആവശ്യമാണെങ്കിലും ഇതുവരെ
യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിച്ചിട്ടുണ്ടെന്ന് എക്‌സൈസ് വകുപ്പ് തന്നെ പറയുന്നു. കുട്ടികളിലെ ലഹരി ഉപയോഗം തടയാന്‍ എക്‌സൈസും ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗവും കൂട്ടായ പ്രവര്‍ത്തനം ആസൂത്രണം ചെയ്യാറുണ്ടെങ്കിലും ജീവനക്കാരുടെ കുറവ് മൂലം പലപ്പോഴും വിജയിക്കുന്നില്ല. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, കൊല്ലം, തിരുവന്തപുരം എന്നിങ്ങനെയുള്ള ആറ് മേഖലകളിലായും 14 ജില്ലകളിലുമായും ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന് അസി. കണ്‍ട്രോളര്‍മാരും സീനിയര്‍ ഇന്‍സ്‌പെക്ടര്‍മാരുമെല്ലാമായി ആകെ 60 ജീവനക്കാര്‍ മാത്രമാണുള്ളത്.