ഒമ്പത് മാസം പ്രായമായ കുട്ടിയെ സുഹൃത്തിനെ ഏല്‍പ്പിച്ച് പിതാവ് മുങ്ങി

Posted on: April 11, 2017 1:13 am | Last updated: April 11, 2017 at 1:13 am

എടവണ്ണ: ഒമ്പത് മാസം പ്രായമായ ആണ്‍ കുട്ടിയെ സുഹൃത്തിന്റെ വീട്ടിലേല്‍പ്പിച്ച് കൊല്‍ക്കത്ത സ്വദേശിയായ പിതാവ് മുങ്ങി. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. കൊല്‍ക്കത്ത സ്വദേശി സഹീറലിയും അയാളുടെ സുഹൃത്തുമായാണ് രാത്രിയില്‍ പത്തപ്പിരിയത്തെ സുഹൃത്തിന്റെ വീട്ടിലെത്തിയത്. സുഹൃത്ത് മിദാപൂര്‍ ജില്ലക്കാരനായ ഷെയ്ക്ക് അമീര്‍ ഹുസൈന്‍ പത്തപ്പിരിയത്ത് കുടുംബ സമ്മേതമാണ് താമസിക്കുന്നത്. ഫര്‍ണിച്ചര്‍ തൊഴിലാളിയാണ് ഇയാള്‍. സഹീറലിയും ഭാര്യ രജിതകാത്തുവും കല്‍പകഞ്ചേരിയില്‍ വാടക വീട്ടിലാണ് താമസിച്ചു വരുന്നത്.

രാത്രി പത്തപ്പിരിയത്ത് സുഹൃത്തുമായി സഹീറലി ഷെയ്ക്ക് അമീര്‍ ഹുസൈന്റെ വീട്ടിലെത്തി കുട്ടിയെ ഏല്‍പ്പിക്കുകയും ഇപ്പോള്‍ തന്നെ ഭക്ഷണം കഴിച്ചു വരാമെന്ന് പറഞ്ഞ് പുറത്തു പോവുകയായിരുന്നു. എന്നാല്‍ കുറേ സമയം കഴിഞ്ഞ് ഇയാള്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഷെയ്ക്ക് അമീര്‍ ഹുസൈന്‍ സമീപവാസികളോടൊപ്പം കുട്ടിയെയും കൂട്ടി എടവണ്ണ പോലീസില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മാതാവ് രജിതകാത്തുവിനെ കല്‍പകഞ്ചേരിയിലുള്ള വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിവരമാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് കുട്ടിയെ മലപ്പുറം ശിശു സംരക്ഷണ സമിതിയില്‍ പോലീസ് ഏല്‍പ്പിച്ചു. കുട്ടിയുടെ പിതാവ് സഹീറലിയെ കണ്ടെത്താനായിട്ടില്ല. കല്‍പകഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.