Connect with us

National

ബി ജെ പി വിരുദ്ധ സഖ്യത്തിന് മമതയുടെ കൂടിക്കാഴ്ചകള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ശക്തമായ ബി ജെ പിവിരുദ്ധ മുന്നണിക്ക് ശ്രമം നടത്തുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹിയില്‍ കോണ്‍ഗ്രസ്, എന്‍ സി പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹ്മദ് പട്ടേല്‍, എന്‍ സി പി നേതാവ് പ്രഫുല്‍ പട്ടേല്‍ എന്നിവരുമായാണ് മമത ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെയും ഇന്നലെ മമത ബാനര്‍ജി കണ്ടിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി ശനിയാഴ്ചയായിരുന്നു മമതയുടെ കൂടിക്കാഴ്ച.

ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കുണ്ടായ വലിയ വിജയത്തിന് പിന്നാലെയാണ് മമതയുടെ ഈ നീക്കം. രാജ്യത്തെ ബി ജെ പി ഇതര കക്ഷികളെ സംഘടിപ്പിച്ച് മഴവില്‍ സഖ്യം രൂപവത്കരിക്കുകയാണ് മമതയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ വിമര്‍ശകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മമത ബാനര്‍ജി. ബി ജെ പി ഇതര കക്ഷികള്‍ ഒരുമിക്കണമെന്ന് പലപ്പോഴും അവര്‍ അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ഇതിന്റെ ഭാഗമാണെന്ന് വ്യക്തമാക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. ഇലോക്‌ട്രോണിക് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അഭിപ്രായം തേടിയാണ് ഇവരെ കണ്ടതെന്നാണ് മമതയുടെ വിശദീകരണം. ഈ വിഷയത്തില്‍, ബി എസ് പിയും എ എ പിയും നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ബി ജെ വിരുദ്ധ സഖ്യം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമാണ് മമതയുടെ നീക്കങ്ങള്‍ എന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. കോണ്‍ഗ്രസ് നേതാക്കളുമായി മണിക്കൂറോളമാണ് മമത ചര്‍ച്ച നടത്തിയത്. പാര്‍ലിമെന്റിലെ തൃണമൂല്‍ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.