Connect with us

Gulf

മികവുറ്റ സേവനങ്ങള്‍; ദുബൈയിലെ ഭക്ഷണശാലകള്‍ക്കു എക്‌സലന്റ് പുരസ്‌കാരം

Published

|

Last Updated

സുല്‍ത്താന്‍ അലി അല്‍ താഹിര്‍

ദുബൈ: നഗരത്തിലെ നിരവധി റസ്റ്റോറന്റുകള്‍ക്ക് ദുബൈ നഗരസഭയുടെ എക്‌സലന്റ് അംഗീകാരം. ഇത്തരത്തില്‍ 2000ത്തോളം സ്ഥാപനങ്ങള്‍ക്കാണ് നഗരസഭയുടെ പ്രോത്സാഹനം ലഭിച്ചത്. 1,446 ഔട്‌ലെറ്റുകള്‍ക്ക് എക്‌സലന്റ് എ അംഗീകാരവും 443 സ്ഥാപനങ്ങള്‍ക്ക് ഗോള്‍ഡ് റേറ്റിംഗും (എ പ്ലസ്) കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി.

ബി, സി, ഡി, ഇ കാറ്റഗറികളും ഭക്ഷണശാലകളുടെ ഗുണമേന്മ അനുസരിച്ചു നഗരസഭാധികൃതര്‍ നല്‍കി. അതേസമയം 800 സ്ഥാപനങ്ങള്‍ക്ക് താഴ്ന്ന ഗുണമേന്മക്ക് കുറഞ്ഞ നിലവാരത്തിലുള്ള സാക്ഷ്യപത്രങ്ങളാണ് നല്‍കിയത്. 2015 ഇല്‍ 550 ഭക്ഷണ ശാലകള്‍ക്കാണ് എക്‌സലന്റ് പുരസ്‌കാരം നല്‍കിയത്.
2,727 ഭക്ഷണ വിതരണ ശൃംഖലകളുടെ പേരില്‍ മികച്ച ഭക്ഷണമൊരുക്കുന്നില്ലെന്ന പരാതികള്‍ ലഭിച്ചവയില്‍പെടും. ഹാനികരമായ ഭക്ഷണ പദാര്‍ഥങ്ങള്‍ വിതരണം ചെയ്തതിന് 198 സ്ഥാപനങ്ങളെ താത്കാലികമായി അടച്ചുപൂട്ടിയെന്ന് ദുബൈ നഗരസഭക്ക് കീഴിലെ ഭക്ഷ്യസുരക്ഷാ വിഭാഗം മേധാവി സുല്‍ത്താന്‍ അലി അല്‍ താഹിര്‍ പറഞ്ഞു.

ഭക്ഷണമൊരുക്കുന്നതിനുള്ള ചുറ്റുപാടുകള്‍ മെച്ചപ്പെടുത്തുന്നതിന് ഈ ഭക്ഷണശാലകള്‍ക്ക് സമയം അനുവദിച്ചു. മികച്ച സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ഉപകരണങ്ങള്‍ ഏര്‍പെടുത്തുന്നതിനും സ്ഥാപനങ്ങള്‍ക്ക് സാവകാശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്ന മുറക്ക് പ്രസ്തുത സ്ഥാപനങ്ങളെ തുറന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ അവസരമൊരുക്കുമെന്നും സുല്‍ത്താന്‍ അലി താഹിര്‍ പറഞ്ഞു.
ദുബൈ നഗരസഭാ ഭക്ഷണ പരിശോധനാ വിഭാഗം 32,291 പരിശോധനകളാണ് സംഘടിപ്പിച്ചത്. 1,068 തുടര്‍നടപടികളും പരിശോധനാര്‍ഥം സംഘടിപ്പിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടുതല്‍ ഹാനികരമായ ഭക്ഷണ പദാര്‍ഥങ്ങള്‍ വിതരണം ചെയ്ത സ്ഥാപനങ്ങള്‍ക്ക് റെഡ് കാര്‍ഡ് നല്‍കി. കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നിശ്ചിത സമയം നല്‍കിയാണ് ഈ പ്രക്രിയ. സൗകര്യങ്ങള്‍ ഒരുക്കാത്ത പക്ഷം അത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി റദ്ദ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest