Connect with us

Gulf

മാര്‍ച്ചില്‍ ഗതാഗതത്തിന് ചെലവ് കൂടി; ഭക്ഷണം- പാര്‍പ്പിടം എന്നിവക്ക് കുറഞ്ഞു

Published

|

Last Updated

ദോഹ: കഴിഞ്ഞ മാസം ഗതാഗതം, അലങ്കാരം- സംസ്‌കാരം, വസ്ത്രം- പാദരക്ഷ, റസ്റ്റോറന്റ്- ഹോട്ടല്‍ എന്നീ മേഖലകളില്‍ ചെലവ് ഉയര്‍ന്നതായി ഡെവലപ്‌മെന്റ് പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് (എം ഡി പി എസ്) മന്ത്രാലയം പുറത്തുവിട്ട ഉപഭോക്തൃ വില സൂചിക (സി പി ഐ) കാണിക്കുന്നു. ഭക്ഷണം- പാനീയം, പാര്‍പ്പിടം- വെള്ളം- വൈദ്യുതി- മറ്റ് ഇന്ധനം എന്നിവക്ക് വില കുറഞ്ഞിട്ടുമുണ്ട്. ഫെബ്രുവരിയെ അപേക്ഷിച്ച് മാര്‍ച്ചില്‍ മൊത്തം ജീവിത ചെലവില്‍ 0.2 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് 0.9 ശതമാനമാണ് വര്‍ധന.

ഗതാഗതത്തിന് 1.5ഉം അലങ്കാരം- സംസ്‌കാരത്തിന് 0.7ഉം വസ്ത്രം- പാദരക്ഷക്ക് 0.4ഉം റസ്റ്റോറന്റ്- ഹോട്ടലുകള്‍ക്ക് 0.1ഉം ശതമാനം വീതമാണ് വില വര്‍ധിച്ചത്. ഭക്ഷണം- പാനീയം എന്നിവക്ക് 0.6ഉം പാര്‍പ്പിടം- വെള്ളം- വൈദ്യുതി- മറ്റ് ഇന്ധനം എന്നിവക്ക് 0.4ഉം ശതമാനം വില കുറഞ്ഞു. പുകയില, ഫര്‍ണിച്ചര്‍- വീട്ടുപകരണങ്ങള്‍, ആരോഗ്യം, ആശയവിനിമയം, വിദ്യാഭ്യാസം, പലചരക്കുകളും സേവനങ്ങളും എന്നിവക്ക് മാറ്റമില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് ഈ മാര്‍ച്ചില്‍ ഗതാഗതത്തിന് എട്ടും വിദ്യാഭ്യാസത്തിന് മൂന്നും ഫര്‍ണിച്ചര്‍- വീട്ടുപകരണങ്ങള്‍- പലചരക്കുകളും സേവനങ്ങളും എന്നിവക്ക് 1.4ഉം വസ്ത്രം- പാദരക്ഷ എന്നിവക്ക് 0.2ഉം ശതമാനം ആണ് വര്‍ധിച്ചത്. റസ്റ്റോറന്റ്- ഹോട്ടല്‍ 2.8ഉം അലങ്കാരം- സംസ്‌കാരം 1.6ഉം പാര്‍പ്പിടം- വെള്ളം- വൈദ്യുതി- മറ്റ് ഇന്ധനം ഒന്നും ഭക്ഷണം- പാനീയം 0.4ഉം ആരോഗ്യം .2ഉം ആശയവിനിമയം 0.1ഉം ശതമാനം കുറഞ്ഞു. പുകയില ഉത്പന്നങ്ങള്‍ക്ക് മാറ്റമില്ല. ഫെബ്രുവരിയെ അപേക്ഷിച്ച് പാര്‍പ്പിടം- വെള്ളം- വൈദ്യുതി- മറ്റ് ഇന്ധനം ഒഴികെയുള്ളവക്ക് 0.4 ശതമാനമാണ് മാര്‍ച്ചില്‍ വര്‍ധിച്ചത്.