ഡിജിപി നിയമനം: നടപടിക്രമം പറഞ്ഞാല്‍ ബഹ്‌റയെയും മാറ്റേണ്ടതല്ലേയെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി

Posted on: April 10, 2017 7:40 pm | Last updated: April 11, 2017 at 4:05 pm

ന്യൂഡല്‍ഹി: നടപടിക്രമം പരിഗണിച്ചാല്‍ ലോക്‌നാഥ് ബെഹ്‌റയെയും പോലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റേണ്ടതല്ലേയെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. ഡിജിപി ടി.പി. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു നീക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. ജിഷ കേസ്, പുറ്റിങ്ങല്‍ അപകടം എന്നിവയിലുണ്ടായ കൃത്യനിര്‍വഹണ വീഴ്ചയെ തുടര്‍ന്നാണ് സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയതെന്ന് വാദമധ്യേ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടിക്രമം പരിഗണിച്ചാല്‍ ഇപ്പോഴത്തെ പൊലീസ് മേധാവിയേയും മാറ്റേണ്ടിവരുമെന്ന് സുപ്രീം കോടതി പറഞ്ഞത്. കേസില്‍ വാദം ചൊവ്വാഴ്ചയും തുടരും.

ടി.പി. സെന്‍കുമാറില്‍ പൊതുജനത്തിന് അതൃപ്തിയുണ്ടോയെന്നു ചോദിച്ച കോടതി, ആ അതൃപ്തി രേഖകളിലുണ്ടോയെന്നും ആരാഞ്ഞു. ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അമ്മ മഹിജ നടത്തിയ സമരത്ത തുടര്‍ന്ന് ഡിജിപിയെ മാറ്റിയോ എന്ന് രാവിലെ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചിരുന്നു. മഹിജ അഞ്ചു ദിവസം നിരാഹാര സമരം നടത്തിയില്ലേ എന്നും കോടതി ആരാഞ്ഞിരുന്നു. ജസ്റ്റിസ് മദന്‍.ബി. ലോക്കുറാണ് കേസ് പരിഗണിച്ചത്.