Connect with us

Ongoing News

യാത്രകള്‍ അവസാനിക്കുന്നില്ല

Published

|

Last Updated

ഫാസില്‍ മുസ്തഫ ലേബര്‍ ക്യാമ്പില്‍ ഭക്ഷണ വിതരണത്തിനിടെ

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സംഘടനകളും പ്രസ്ഥാനങ്ങളും നമുക്കിടയില്‍ ധാരാളമുണ്ട്. കുറേ വ്യക്തികളുടെ കൂട്ടായ്മയിലൂടെയാണ് ഇത്തരം പ്രസ്ഥാനങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ വലിയ വലിയ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ ശ്രദ്ധ നേടിയ ചില വ്യക്തികളുമുണ്ട് പ്രവാസലോകത്ത്. ഇങ്ങിനെ ഒഴിവുസമയം പാവങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുകയാണ് ഒരു യുവാവ്. സ്വന്തമായ ഒരു കാര്യലാഭത്തിനും വേണ്ടിയല്ലാതെ നന്മ മാത്രം ഉദ്ദേശിച്ച് തന്റെ സമ്പത്തിലും ആരോഗ്യത്തിലും കഴിവുകളിലും ദുരിതങ്ങളാല്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കും വേദനിക്കുന്ന മനസുകള്‍ക്കും പട്ടിണി കിടക്കുന്ന മനുഷ്യരൂപങ്ങള്‍ക്കും അവകാശമുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് വടക്കാഞ്ചേരി മാണിക്കപ്പാടം സ്വദേശിയും ദുബൈയില്‍ സെയില്‍സ് ആന്‍ഡ് മാര്‍കറ്റിംഗ് എക്‌സിക്യൂട്ടീവുമായ ഫാസില്‍ മുസ്തഫ ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത്.
തന്റെ വേതനത്തില്‍ നിന്ന് ഒരു നിശ്ചിത തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ച് ചെറിയ രൂപത്തില്‍ തുടക്കം കുറിച്ച് പിന്നീട് പല ഘട്ടങ്ങളായി ഫാസില്‍ മുസ്തഫയുടെ പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കുകയായിരുന്നു.
സമ്പത്തും സുഖസൗകര്യങ്ങളും ദൈവീക പരീക്ഷണങ്ങളാണെന്നും എന്നാല്‍ തനിക്ക് ഉപയോഗിക്കാന്‍ വിധിക്കപ്പെട്ട സമ്പത്ത് സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി മിതമായി ഉപയോഗിക്കുന്നതോടൊപ്പം തന്നെ, തന്റെ സഹജീവികളുടെ ദുരിതമകറ്റാനും കണ്ണീരൊപ്പാനും പട്ടിണി മാറ്റാനും ചെലവഴിക്കേണ്ടതുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് ഫാസില്‍.

ഒരു റമസാന്‍ മാസത്തിലെ ഒന്നാം ദിവസം രണ്ട് പൊതി ബിരിയാണികൊണ്ട് സമീപത്തെ ലേബര്‍ ക്യമ്പില്‍ പോയി അര്‍ഹരായ രണ്ടു പേരെ കണ്ടെത്തി നോമ്പ് തുറപ്പിച്ചാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഫാസില്‍ തുടക്കം കുറിക്കുന്നത്. ഫാസിലും തന്റെ ചെറിയ മകനും ഒരു നന്മ ചെയ്യാന്‍ കഴിഞ്ഞതിലുള്ള സന്തോഷങ്ങള്‍ പങ്കുവെച്ചു മടങ്ങുന്നതിനിടെ മോന്‍ കണ്ട ഒരു കാഴ്ചയും മറുപടിയില്ലാതെ ചിന്തിക്കുമ്പോള്‍ മോന്‍ തന്നെ കൊടുത്ത മറുപടിയുമാണ് ഫാസില്‍ മുസ്തഫയെ ഏറെ ചിന്തിപ്പിച്ചതും തന്റെ സവന പ്രവര്‍ത്തന മേഖല വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയതും. തിരിച്ചു വരുമ്പോഴാണ് രണ്ട് തൊഴിലാളികള്‍ക്ക് പുറമെ തൊട്ടപ്പുറത്ത് മറ്റു രണ്ടു തൊഴിലാളികളെ കൂടി പണിയെടുക്കുന്നതായി മോന്‍ കാണുന്നത്. മോന്റെ ചോദ്യം ഇങ്ങനെയായിരുന്നു. “വാപ്പാ… നോമ്പ് തുറക്കാന്‍ അവരെന്ത് ചെയ്യും. നമ്മുടെ അടുത്താണേല്‍ സാധനങ്ങള്‍ തീര്‍ന്നും പോയല്ലോ”
കുഴക്കിയ ഈ ചോദ്യത്തിനു വാപ്പയില്‍ മറുപടി കിട്ടാത്തത് കണ്ടപ്പോള്‍ മോന്‍ തന്നെ അതിനു മറുപടി കൊടുത്തു.
“ഞങ്ങള്‍ സ്‌കൂളില്‍ ഫ്രണ്ട്‌സ് എല്ലാം കൂടി ഉച്ചക്ക് ഫുഡ് ഷെയര്‍ ചെയ്ത് കഴിക്കണ പോലെ അവരും ഷെയര്‍ ചെയ്ത് കഴിക്കുമായിരിക്കും ല്ലെ വാപ്പാ…!”
രണ്ട് പൊതി ബിരിയാണിയില്‍ തുടങ്ങിയ നോമ്പ്തുറ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടിക്കൂടി 400നു മുകളില്‍ ആളുകളെ നോമ്പ് തുറപ്പിക്കാന്‍ വരെ സാധിച്ചു.
ഒന്ന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഫസില്‍ തന്റെ സന്തോഷങ്ങള്‍ ഫെയ്‌സ്ബുകില്‍ പങ്കുവെച്ചപ്പോഴാണ് കൂടുതല്‍ പേര്‍ ഫാസിലിനും മോനും പിന്തുണയുമായി വന്നു.
രക്ഷിതാക്കള്‍ പലരും വിളിച്ചു അവരാല്‍ കഴിയുന്ന പൊതികള്‍ ഓഫര്‍ ചെയ്ത് അവരുടെ ചെറിയ കുട്ടികള്‍ മുഖേന വിതരണം ചെയ്യാന്‍ താത്പര്യം പ്രകടിച്ചപ്പോള്‍ എല്ലാവര്‍ക്കും ഫാസില്‍ അവസരങ്ങളൊരുക്കിക്കൊടുത്തു.
പാകം ചെയ്ത ഭക്ഷണം ലേബര്‍ ക്യാമ്പുകളിലെത്തിയാല്‍ പിന്നെ കുട്ടികളാണ് ഭക്ഷണം വിതരണം ചെയ്യുന്നതും മറ്റും.
വീട്ടില്‍ വരുന്ന വിരുന്നുകാരുടെ ചെറിയ കുട്ടികള്‍കള്‍ക്ക് നമ്മുടെ മക്കള്‍ കളിക്കോപ്പുകള്‍ പോലും ഷെയര്‍ ചെയ്യാന്‍ മടിക്കുന്ന ഈ കാലത്ത് ഭാവിയിലെ വരദാനങ്ങളാവേണ്ട മക്കള്‍ക്ക് നന്മയുടെ സന്ദേശവും അവബോധവും ഉണ്ടാക്കിയെടുക്കുകയായിരുന്നു ലക്ഷ്യം.
തുടക്കത്തില്‍ പലരില്‍നിന്നും ശക്തമായ എതിര്‍പ്പുകളും പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്ന ഫാസില്‍ തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിയാതെ ക്രമേണ അവരെ ഇത്തരം നന്മകളെ കുറിച്ചും സേവനങ്ങളെ കുറിച്ചും ബോധ്യപ്പെടുത്തി. ഫാസിലിന്റെ ഭാര്യ പൂര്‍ണ പിന്തുണയാണ് നല്‍കിയത്.

രണ്ടു പൊതി ബിരിയാണിയില്‍ തുടങ്ങിയ സേവന പ്രവര്‍ത്തനം ഇന്ന് വളരെയധികം വിശാലമായി നന്മ നിറഞ്ഞ ഫാസില്‍ മുസ്തഫയെന്ന മനുഷ്യമനസിന്റെ കാരുണ്യത്താല്‍ എല്ലാ മേഖലകളിലും എത്തിനില്‍ക്കുന്നു.
നാട്ടില്‍ നിന്നും വ്യാജ വിസയില്‍ എത്തിപ്പെട്ട് വഞ്ചിതരായ നിരവധി പേര്‍ക്കും മതിയായ രേഖകളില്ലാത്തതിന്റെ പേരിലും മറ്റും കഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാവാതെ വിഷമിക്കുന്നവര്‍ക്കും നിയമക്കുരുക്കില്‍ പെട്ട് ഭക്ഷണവും താമസ സൗകര്യവുമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്കും ഒരുപാട് നല്ല മനസുകളുടെ സഹായത്തോടെ സാന്ത്വനമേകാന്‍ ഫാസിലിനു കഴിഞ്ഞിട്ടുണ്ട്. ഓരോ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ പ്രചാരം കൊടുക്കും. അതുവഴി നിരവധി പേര്‍ പിന്തുണ അറിയിച്ചു ബന്ധപ്പെട്ട് സഹായികളായി രംഗത്ത് വരും. ഓരോരുത്തരോടും വിഷയങ്ങള്‍ ധരിപ്പിച്ച് അര്‍ഹതപ്പെട്ടവരെ പരിചയപ്പെടുത്തി കഴിയുന്ന സഹായങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടും. നേരിട്ട് ആരില്‍ നിന്നും പണം വാങ്ങാറില്ല. മലയാളികള്‍ക്ക് മാത്രമല്ല ഫാസിലിന്റെ സാന്ത്വന സ്പര്‍ശം ലഭിക്കുന്നത്. ദേശമോ ഭാഷയോ ജാതിയോ മതമോ വേര്‍തിരിവില്ല.
ഒന്ന് രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് അജ്മാനിലെ ഒരു ലേബര്‍ ക്യാമ്പില്‍ കഴിയുന്ന അന്യസംസ്ഥാനക്കാരടക്കം 49ഓളം പേരുടെ ദുരിത കഥകള്‍ മാധ്യമങ്ങളില്‍ കണ്ടത്. ഇന്നവരിലധികവും നാടണഞ്ഞതില്‍ സന്തോഷിക്കുന്നത് അവരും അവരുടെ കുടുംബവും മാത്രമല്ല, ഫാസിലും ഒരുപാട് കൂട്ടുകാരുമാണ്.

ബെന്യാമിന്റെ ആടുജീവിതത്തില്‍ പറഞ്ഞ സമാനമായ മസ്‌റകളില്‍ ആരും എത്തി നോക്കാത്ത മരുഭൂമിയിലെ മണല്‍പ്പരപ്പും ആട്ടിന്‍ കൂട്ടങ്ങളും ഒട്ടകങ്ങളും മാത്രം കൂട്ടിനുള്ള തണുപ്പും ചൂടും സഹിച്ച് ജീവിക്കുന്ന നിരവധി മനൂഷ്യരൂപങ്ങള്‍ക്കാണ് തണുപ്പുകാലത്ത് കമ്പിളിയായും ജാക്കറ്റായും ഫാസില്‍ സഹായിയായത്.
എല്ലാ സന്തോഷങ്ങളും സഹായഭ്യര്‍ഥനകളും സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ വന്നും പോസ്റ്റുചെയ്തും കൂട്ടുകാരെ അറിയിക്കും. മിനിറ്റുകള്‍ക്കം തന്നെ നല്ല പ്രതികരണങ്ങളാണ് വരുന്നത്.
ഫാസില്‍ മുസ്തഫയുടെ ഒരു പോസ്റ്റ് ഇങ്ങനെ ആയിരുന്നു
“മനസ്സ് നിറഞ്ഞ രണ്ട് സന്തോഷങ്ങളാണു ഈ കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ സംഭവിച്ചത്.”
ഒരാളെ ഒന്നില്‍ കൂടുതല്‍ തവണ ഒരേ കാര്യത്തിന്ന് ബുദ്ധിമുട്ടിക്കരുതെന്ന് മനസ്സില്‍ ഉറപ്പിച്ചതായിരുന്നു. പക്ഷെ എന്തുകൊണ്ടൊ നിയമക്കുരുക്കില്‍ അകപ്പെട്ട പ്രിയ സുഹൃത്തിന്റെ കാര്യങ്ങള്‍ നീണ്ട് നീണ്ട് പോകുന്നു. ആ കാര്യം മനസില്ലാ മനസോടേ പറഞ്ഞപ്പോ എന്നോട് തിരിച്ച്പറഞ്ഞത് ഇത്രമാത്രം “നാളെ തന്നെ അദ്ദേഹത്തെ ഞാന്‍ പോയിക്കണ്ട് വേണ്ടത് ചെയ്ത് കൊടുക്കാം” “ദൈവം തന്നും പരീക്ഷിക്കും തരാതെയും പരീക്ഷിക്കും” എന്ന നിങ്ങളുടെ പോസ്റ്റ് വായിച്ച് വെച്ചതേയുള്ളൂ” എന്ന്.

ദൈവത്തിന്റെ ഇടപെടല്‍ എത്ര അപ്രതീക്ഷിതമാണ്. എന്റെ ഈ പ്രിയ സുഹൃത്തിനും കുടുംബത്തിനും സര്‍വശക്തന്‍ അര്‍ഹമായ പ്രതിഫലം നല്‍കട്ടെ.
12വര്‍ഷമായി പ്രവാസജീവിതം നയിച്ച് കൊണ്ടിരിക്കുന്ന ഫാസിലിനു ഇത്തരം ജീവകാരുണ്യസേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനു ഏറ്റവും കൂടുതല്‍ പ്രചോദനമായത് രണ്ട് വര്‍ഷം മരണപ്പെട്ടുപോയ ഡോ. ഷാനവാസാണ്. പാവപ്പെട്ടവരുടെ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന ഷാനവാസ് ഇന്നും ജനഹൃദയങ്ങളില്‍ ജീവിച്ചിരിക്കുന്നു. അദ്ദേഹത്തോടൊപ്പമുള്ള യാത്രകളും സഹവാസങ്ങളും സംസാരങ്ങളുമാണ് കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങളില്‍ ഫാസിലിനെ എത്തിച്ചത്. വെള്ളി, ശനി ഒഴിവു ദിവസങ്ങളും ജോലി കഴിഞ്ഞുള്ള ഒഴിവുസമയങ്ങളും ഫാസില്‍ ഇതിനായി ഉപയോഗിക്കുന്നു.

“ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക. എന്നാല്‍ ആകാശത്തിന്റെ അധിപന്‍ നിങ്ങള്‍ക്ക് കരുണ ചെയ്യും” (നബി വചനം).

 

---- facebook comment plugin here -----

Latest