നന്തന്‍കോട് കൂട്ടക്കൊല: പ്രതി കേദല്‍ കുറ്റം സമ്മതിച്ചതായി ഡിസിപി

Posted on: April 10, 2017 9:34 pm | Last updated: April 11, 2017 at 9:11 pm

തിരുവനന്തപുരം:നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ പ്രതി കേദല്‍ കുറ്റം സമ്മതിച്ചതായി ഡിസിപി. ഇന്ന് വൈകീട്ടാണ് കേദല്‍ പൊലീസിന്റെ പിടിയിലായത്.

പ്രതിയായ കേദലിനു വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

റിട്ടയേഡ് പ്രഫ. രാജ തങ്കം (60), ഭാര്യ റിട്ടയേഡ് ആര്‍എംഒ ഡോ. ജീന്‍ പദ്മ (58), മകള്‍ കരോലിന്‍ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരെയാണു നന്തന്‍കോട്ടെ വീട്ടില്‍ കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. ജീന്‍ പദ്മ, രാജ തങ്കം, കരോലിന്‍ എന്നിവരുടെ മൃതദേഹം വീടിന്റെ മുകള്‍ നിലയിലെ ബാത്ത്‌റൂമില്‍ കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേതു താഴത്തെ നിലയില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു.

ഇതോടൊപ്പം പാതി കത്തിയ നിലയിലുള്ള തുണിയില്‍ നിര്‍മിച്ച മനുഷ്യരൂപത്തിന്റെ ഡമ്മിയും കണ്ടെത്തി. സംഭവത്തിനു ശേഷം ദന്പതികളുടെ മകന്‍ കേഡലിനെ കാണാതായിരുന്നു. മകന്‍ കൊല നടത്തിയ ശേഷം മൃതദേഹങ്ങള്‍ കത്തിച്ചതാകാമെന്നാണു പോലീസ് പറയുന്നത്. ലളിതയുടെ മൃതദേഹത്തിനു മൂന്നുദിവസത്തോളം പഴക്കമുളളതായി പോലീസ് പറഞ്ഞു. മൂന്നു ദിവസം മുന്പു നാലുപേരെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചതാകാമെന്നാണു പോലീസ് കരുതുന്നത്.

ഓസ്‌ട്രേലിയയില്‍ പഠനം പൂര്‍ത്തിയാക്കിയ കേഡല്‍ ജീന്‍സണ്‍ 2009ല്‍ നാട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ കന്പനിയില്‍ ഉന്നത തലത്തില്‍ ജോലി നോക്കിവരികയുമാണെന്നു പോലീസ് പറയുന്നു.