ക്ലിഫ് ഹൗസിന് സമീപം ഒരു വീട്ടില്‍ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

Posted on: April 9, 2017 8:00 am | Last updated: April 9, 2017 at 7:29 pm

തിരുവനന്തപുരം: നന്ദന്‍കോട് ക്ലിഫ് ഹൗസിന് സമീപം ഒരു വീട്ടില്‍ ദമ്പതികളടക്കം നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മാര്‍ത്താണ്ഡം നേശമണി കോളജ് ഹിസ്റ്ററി വിഭാഗം മുന്‍ പ്രഫസര്‍ രാജതങ്കം, ഭാര്യയും റിട്ടയേര്‍ഡ് ആര്‍.എം.ഒയുമായ ഡോക്ടര്‍ ജീന്‍ പത്മ, മകള്‍ കാരളിന്‍, ബന്ധു ലളിത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒന്ന് ചാക്കില്‍ കെട്ടിയ നിലയിലും മറ്റൊന്ന് വെട്ടി നുറുക്കിയ നിലയിലുമായിരുന്നു. കൂട്ടത്തില്‍ പകുതി കത്തിയ നിലയില്‍ ഒരു ഡമ്മിയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഡോക്ടറുടെ മകന്‍ ജീന്‍ കേതനെ കാണാതായിട്ടുണ്ട്. ജീന്‍ കേതനോട് രൂപ സാദൃശ്യമുള്ള ഡമ്മിയാണ് പാതി കത്തിയ നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച രാത്രി 11 മണിക്ക് വീട്ടില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിപ്പെട്ട അയല്‍വാസികള്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി തീയണച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് ദിവസത്തിന് മുമ്പ് കൊലപാതകം നടത്തിയ ശേഷം ശനിയാഴ്ച വീടിന് തീവെക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. മൂന്ന് ദിവസമായി ജീന്‍ കേതന്റെ പെരുമാറ്റത്തില്‍ അസ്വഭാവികതയുള്ളതായി ബന്ധുക്കള്‍ പറയുന്നു. വീട്ടിലുള്ളവര്‍ കന്യാകുമാരിയില്‍ വിനോദയാത്രക്ക് പോയെന്നാണ് ഇയാള്‍ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. പ്രതിയെന്ന് സംശയിക്കുന്ന ജീന്‍ കേതനുവേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.