ചെര്‍പ്പുളശ്ശേരിയില്‍ വീടു കയറി സ്ത്രീകളെ അക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍

Posted on: April 7, 2017 4:45 pm | Last updated: April 7, 2017 at 3:36 pm
വീടു കയറി സ്ത്രീകളെ അക്രമിച്ച കേസില്‍ പോലീസ് പിടിയിലായവര്‍.

ചെര്‍പ്പുളശ്ശേരി: രാത്രിയില്‍ വീട്ടില്‍ മാരകായുധങ്ങളുമായെത്തി വീട്ടമ്മയെയും മരുമകളെയും അക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. പൊമ്പിലായ ചാമക്കാട് വീട്ടില്‍ വിപിന്‍ എന്ന പൊന്നു (24), പുവ്വത്തിങ്ങല്‍ വീട്ടില്‍ സുജിത് എന്ന ബ്രഹ്മന്‍ (25), അമ്പലില്‍ വീട്ടില്‍ അനൂപ് (19), അമ്പലില്‍തൊടി വീട്ടില്‍ സൂരജ് (23), പന്തലിങ്ങല്‍ വീട്ടില്‍ മണികണ്ഠന്‍ (26) എന്നിവരെയാണ് ചെര്‍പ്പുളശ്ശേരി എസ് ഐ പി എം ലിബിയും സംഘവും നെല്ലായയില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതി അമ്പലില്‍തൊടി വീട്ടില്‍ രാജു (30) വിനെ കഴിഞ്ഞ രണ്ടാം തീയതി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. മാര്‍ച്ച് 31ന് അര്‍ധരാത്രി പിലാക്കാട് പട്ടംകുന്നിന്മേല്‍ വസന്തയുടെ വീട്ടില്‍ കയറിയാണ് പ്രതികള്‍ അക്രമണം നടത്തിയത്. ആക്രമണത്തില്‍ വസന്ത, മരുമകള്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.

ഇരുമ്പ് വടി, കത്തി, വടിവാള്‍, സൈക്കിള്‍ ചെയിന്‍ എന്നിവയുമായി കയറി വന്ന സംഘം തന്നെയും മരുമകളെയും അക്രമിക്കുകയും പുറത്ത് നിന്നിരുന്ന മകന്റെ ഓട്ടോയുടെ സീറ്റ് കുത്തികീറി നശിപ്പിക്കുകയും ചെയ്തതായി ചെര്‍പ്പുളശ്ശേരി സഹ. ആശുപത്രിയില്‍ വെച്ച് പൊലീസിനു നല്‍കിയ മൊഴിയില്‍ വസന്ത പറഞ്ഞു. മകനോടുള്ള മുന്‍വൈരാഗ്യമാണിതിനു കാരണമത്രെ. കഴിഞ്ഞ മാസം നടന്ന ഉത്സവത്തിനിടെ ഇവരും തമ്മില്‍ വാക്ക് തര്‍ക്കം നടന്നിരുന്നതായി പറയുന്നു. ഇതാണ് അക്രമത്തില്‍ കലാശിച്ചത്.