Connect with us

Malappuram

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള സഹായ വിതരണം ലീഗ് നേതാവിന്റെ വീട്ടില്‍; സി പി എം പരാതി നല്‍കി

Published

|

Last Updated

വണ്ടൂര്‍: സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള സഹായ വിതരണം ലീഗ് നേതാവിന്റെ വീട്ടില്‍ വെച്ച് നടത്തിയെന്നാരോപണം. ഒരാഴ്ച മുമ്പ് കൂരാട്ടില്‍ നടന്ന പൈപ്പ് കമ്പോസ്റ്റ് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനത്തിനെതിരെയാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. സംഭവത്തില്‍ ജില്ലാ കലക്ടര്‍, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ എന്നിവര്‍ക്ക് സി പി എം പരാതി നല്‍കി. രണ്ട് വര്‍ഷം മുമ്പ് പഞ്ചായത്ത് മുന്‍ ഭരണസമിതിയുടെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പഞ്ചാത്തിലെ വീടുകളില്‍ പൈപ്പ് കമ്പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചത്. ഗുണഭോക്ത വിഹിതമായി 90 രൂപ ഈടാക്കുകയും ചെയ്തു. വിവിധ കാരണങ്ങളാല്‍ പി വി സി പൈപ്പുകളുടെ വിതരണം നടന്നിരുന്നില്ല.

ഒടുവില്‍ നിലവിലെ ഭരണസമിതി മുന്‍കൈയെടുത്താണ് പൈപ്പുകള്‍ വിതരണം തുടങ്ങിയത്. വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കൂരാട്ടില്‍ ലീഗ് നേതാവിന്റെ വീട്ടില്‍ വെച്ച് നടത്തിയെന്നാണ് സി പി എം ആരോപണം. ഇതിന് നേതൃത്വം നല്‍കിയ പഞ്ചായത്ത് പ്രസിഡന്റ്, വൈ.പ്രസിഡന്റ്, നിര്‍വഹണദ്യോഗസ്ഥനായ വി ഇ ഒ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുള്ളതെന്ന് സി പി എം കൂരാട് ബ്രാഞ്ച് സെക്രട്ടറി വി രാമന്‍കുട്ടി, ഇ കെ അബ്ദുല്‍ ഹമീദ്, ടി സുരേഷ് പറഞ്ഞു.

Latest