സ്‌കൂള്‍ അധ്യാപകരുടെ യാത്രയയപ്പിനിടെ സ്റ്റേജ് നിലം പൊത്തി

Posted on: April 7, 2017 3:15 pm | Last updated: April 7, 2017 at 2:38 pm

തിരൂരങ്ങാടി: ചെറുമുക്ക് പി എം എസ് എം എം എം യു പി സ്‌കൂള്‍ 41-ാം വാര്‍ഷികവും പ്രാധാനധ്യാപികക്കും മറ്റ് രണ്ട് അധ്യാപകര്‍ക്കുമുള്ള യാത്രയയപ്പ് പരിപാടിക്കിടെ ഇന്നെലെ വൈകുന്നേരം 5.45ന് ശക്തമായ മഴയും ഇടിയും മിന്നലിന്റെയും ആഘാതത്തില്‍ പരിപാടിയുടെ സ്‌റ്റേജ് നിലം പൊത്തി. സൗണ്ട് സിസ്റ്റം, ഫ്‌ലഡ് ലൈറ്റ് എന്നിവക്ക് പൂര്‍ണമായും കേടുപാടുകള്‍ സംഭവിച്ചു. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശ നഷ്ടം സംഭവിച്ചതായി സംഘാടകര്‍ അറിയിച്ചു. പി കെ അബ്ദുര്‍റബ്ബ് എം എല്‍ എയുടെ ഉദ്ഘാടനം കഴിഞ്ഞ് പത്ത് മിനിറ്റ് കഴിഞ്ഞതിന് ശേഷമാണ് മഴയും കാറ്റും സ്‌കൂള്‍ പരിസരത്ത് അടിച്ചുവീശിയത്.

നന്നമ്പ്ര പഞ്ചായത്തിലെ എട്ടോളം വരുന്ന ജനപ്രാതിനിധികള്‍ മിക്കവരും മഴ പെയ്ത ഉടനേ സ്റ്റേജ് വിട്ടിരുന്നു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാനധ്യാപിക ഗിരിജ ടീച്ചര്‍, കെ പി നാരായണന്‍ മാസ്റ്റര്‍, ടി വിജയന്‍ മാസ്റ്റര്‍, സഘാടകരായ മറ്റ് രണ്ട് പേരും വീഴാന്‍ തുടങ്ങിയപ്പോഴേക്ക് സ്റ്റേജില്‍ നിന് ചാടി അത്ഭുതകരമായി രക്ഷപെട്ടു. സ്റ്റേജിന്റെ മുന്‍വശത്ത് നൂറുകണക്കിന് രക്ഷിതാക്കളും വിദ്യാര്‍ഥികളും പരിപാടി വീക്ഷിക്കുകയായിയിരുന്നു. അവരും ഓടി സ്‌കൂള്‍ വരാന്തയിലെക്ക് രക്ഷപ്പെടുകയായിരുന്നു. വന്‍ ദുരന്തമാണ് ഒഴിവായത്. രാത്രി ഏഴിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, പൂര്‍വ വിദ്യാര്‍ഥികളുടെ മാപ്പിളപ്പാട്ട് മത്സരം, മൈലാഞ്ചിയിടല്‍ മത്സരം, രാത്രി ഒമ്പതിന് മൈലാഞ്ചി, പട്ടുറുമാല്‍ ഫെയിം അലീഷയും ഷാന്‍വാറും നയിക്കുന്ന ഇശല്‍നൈറ്റും എന്നിവ ഈ സ്റ്റേജില്‍ നടക്കാനുണ്ടായിരുന്നു.