ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രസീല്‍ നമ്പര്‍ 1

Posted on: April 7, 2017 10:00 am | Last updated: April 7, 2017 at 10:41 am

സൂറിച്: ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രസീല്‍ ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയിരിക്കുന്നു. അര്‍ജന്റീനയെയാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.
ഒരു മാസത്തിനിടെ ഏറ്റവുമധികം പോയിന്റ് നേട്ടമുണ്ടാക്കിക്കൊണ്ടാണ് ബ്രസീലിന്റെ കുതിപ്പ്. 127 പോയിന്റ് വര്‍ധനവാണ് ടിറ്റെയുടെ മഞ്ഞപ്പടക്കുണ്ടായത്. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ തുടര്‍ വിജയങ്ങളും, ലോകകപ്പ് യോഗ്യത നേടിയതും ബ്രസീലിനെ ഫിഫ റാങ്കിംഗില്‍ ഔന്നത്യത്തിലെത്തിച്ചു.

റാങ്കിംഗ് പ്രകാരം ഏറ്റവും കൂടുതല്‍ സ്ഥാനം മെച്ചപ്പെടുത്തിയത് മാസിഡോണിയയാണ്. 33 റാങ്കിംഗ്
സ്ഥാനമാണ് കയറിയത്. 211 ഫിഫ അംഗരാഷ്ട്രങ്ങളില്‍ പത്തൊമ്പത് ടീമുകള്‍ മാത്രമാണ് സ്ഥാനം നിലനിര്‍ത്തിയത്. മറ്റ്ടീമുകളെല്ലാം വ്യതിചലിച്ചു. ആദ്യ പത്ത് റാങ്കിനുള്ളിലേക്ക് കയറിയത് ഒരേയൊരു ടീം മാത്രം- സ്വിറ്റ്‌സര്‍ലന്‍ഡ് ! പതിനൊന്നാം സ്ഥാനത്ത് നിന്ന് ഒമ്പതിലേക്ക് കയറി.
പെറു (17), കുറസാവോ (70), സ്വാസിലാന്‍ഡ് (88), പാപുവ ന്യുഗിനിയ (156) എന്നീ ടീമുകള്‍ ഏറ്റവും മികച്ച റാങ്കിംഗിലെത്തി.
യു എസ് എ ഏഴ് സ്ഥാനം മെച്ചപ്പെടുത്തി ഇരുപത്തിമൂന്നിലും അയര്‍ലന്‍ഡ് ഒമ്പത് സ്ഥാനം മെച്ചപ്പെടുത്തി ഇരുപത്താറാം സ്ഥാനത്തേക്കും കയറി.
ഗ്രീസും റാങ്കിംഗില്‍ നില മെച്ചപ്പെടുത്തി. ഏഴ് സ്ഥാനം കയറി മുപ്പത്തൊമ്പതാം സ്ഥാനത്ത്. ഇംഗ്ലണ്ട് പന്ത്രണ്ടാം സ്ഥാനത്ത് തുടര്‍ന്നു. ജര്‍മനിയോട് തോറ്റ ഇംഗ്ലണ്ട് ലിത്വാനിയക്കെതിരെ ജയിച്ചിരുന്നു.