ഫിഫ റാങ്കിംഗില്‍ ഗംഭീര തിരിച്ചുവരവ് ഇന്ത്യ@101

Posted on: April 7, 2017 10:37 am | Last updated: April 7, 2017 at 10:37 am

സൂറിച്: ഫിഫ റാങ്കിംഗില്‍ പ്രതീക്ഷിച്ചതു പോലെ ഇന്ത്യ കോളടിച്ചു ! ഫിഫ പുറത്തുവിട്ട പുതിയ റാങ്കിംഗില്‍ ഇന്ത്യ 101 ല്‍. രണ്ട് ദശാബദ്ത്തിനിടെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗാണിത്. കഴിഞ്ഞ മാസം ഇന്ത്യ 132 ല്‍ ആയിരുന്നു. മുപ്പത്തൊന്ന് സ്ഥാനമാണ് ഇന്ത്യ മെച്ചപ്പെടുത്തിയത്. 1996 മെയ് മാസം ഇന്ത്യ 101 റാങ്കിലെത്തിയതിന് ശേഷം ആ നേട്ടം കൈവരിക്കുന്നത് ഇപ്പോഴാണ്. ഇതോടെ, ഏഷ്യന്‍ ടീമുകള്‍ക്കിടയിലെ ഫിഫ റാങ്കിംഗില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്തേക്ക് കയറി.

അടുത്തിടെ രാജ്യാന്തര മത്സരങ്ങളില്‍ മികവറിയിച്ച ഇന്ത്യ അവസാനം കളിച്ച പതിമൂന്ന് മത്സരങ്ങളില്‍ പതിനൊന്നിലും ജയിച്ചു. ഇതില്‍ ഭൂട്ടാനെതിരെ കളിച്ചത് അനൗദ്യോഗിക മത്സരമായിരുന്നു. മുപ്പത്തൊന്ന് ഗോളുകള്‍ സ്‌കോര്‍ ചെയ്തു.
എ എഫ് സി കപ്പ് ക്വാളിഫൈയറില്‍ മ്യാന്‍മറില്‍ 1-0ന് ജയിച്ചതും ശ്രദ്ധേയമായി. അറുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ മ്യാന്‍മറില്‍ ജയിച്ചത്. അതുപോലെ പന്ത്രണ്ട് വര്‍ഷത്തിന് ശേഷം രാജ്യാന്തര സൗഹൃദ മത്സരത്തില്‍ ഇന്ത്യ കംബോഡിയയെ തോല്‍പ്പിച്ചതും ചര്‍ച്ച ചെയ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം 41ന് പ്യുര്‍ട്ടോ റിക്കോയെ തോല്‍പ്പിച്ചത് ആധികാരികമായിട്ടായിരുന്നു.
2015 ഫെബ്രുവരിയില്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ വീണ്ടും ഇന്ത്യന്‍ പരിശീലക സ്ഥാനത്തെത്തുമ്പോള്‍ ഫിഫ റാങ്കിംഗില്‍ 171 ല്‍ ആയിരുന്നു ഇന്ത്യന്‍ ടീം. അവിടെ നിന്നാണ് 101 ലേക്കുള്ള യാത്ര ആരംഭിച്ചത്.
ഫിഫ റാങ്കിംഗ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റാങ്ക് 94 ആണ്. 1996 ഫെബ്രുവരിയിലായിരുന്നു ഈ ചരിത്ര നേട്ടം. 1993 നവംബറില്‍ 99 ഉം, ഒക്ടോബറില്‍ നൂറും റാങ്കിലെത്തിയിരുന്നു. 1993 ല്‍ ഡിസംബറിലും നൂറാംസ്ഥാനം നിലനിര്‍ത്തിയ ഇന്ത്യ 1996 ഏപ്രിലിലും നൂറാം റാങ്ക് കരസ്ഥമാക്കി.

സഊദി കയറി; യു എ ഇ, ഖത്തര്‍ ഇറങ്ങി
എ എഫ് സി ലോകകപ്പ് യോഗ്യതാ റൗണ്ട് ഫലങ്ങള്‍ പുതിയ ഫിഫ റാങ്കിംഗില്‍ കാര്യമായി നിഴലിക്കുന്നുണ്ട്. മികച്ച വിജയങ്ങള്‍ കരസ്ഥമാക്കിയ സഊദി അറേബ്യ അഞ്ച് സ്ഥാനമാണ് മെച്ചപ്പെടുത്തിയത്. 646 പോയിന്റോടെ അമ്പത്തിരണ്ടാം സ്ഥാനത്ത് നിന്ന് അമ്പത്തിയേഴിലേക്ക് കയറി. 3-0ന് തായ്‌ലന്‍ഡിനെ തോല്‍പ്പിച്ചതും ഇറാഖിനെതിരെ നേടിയ ഏക ഗോള്‍ ജയവും സഊദിക്ക് ഗുണം ചെയ്തു. അതേ സമയം, യു എ ഇക്കും ഖത്തറിനും നേരെ തിരിച്ചാണ് സംഭവിച്ചത്.
യോഗ്യതാ റൗണ്ടില്‍ ജപ്പാനോടും ആസ്‌ത്രേലിയയോടും തോറ്റത് യു എ ഇയുടെ നില പരുങ്ങലിലാക്കിയിരുന്നു. അത് റാങ്കിംഗിലും കാണാം. ആറ് സ്ഥാനം താഴേക്കിറങ്ങി അറുപത്തെട്ടില്‍ നിന്ന് എഴുപത്താം സ്ഥാനത്ത്.
തുടര്‍ തോല്‍വികളെ തുടര്‍ന്ന് യു എ ഇ കോച്ച് മഹ്ദി അലി രാജിവെച്ചിരുന്നു.
ഖത്തറിന് കഴിഞ്ഞ മാസത്തേതില്‍ നിന്ന് 46 പോയിന്റുകളാണ് നഷ്ടമായത്. ഇതോടെ 84ാം റാങ്കില്‍ നിന്ന് 89 ല്‍ എത്തി.
ഇറാനോടും ഉസ്‌ബെക്കിസ്ഥാനോടും തുടരെ തോല്‍വിയേറ്റതാണ് വിനയായത്. ഏഷ്യന്‍ മേഖലയില്‍ മികച്ച റാങ്കിംഗ് ഇരുപത്തെട്ടാം സ്ഥാനത്തുള്ള ഇറാന്റെതാണ്.