റാഖിനെയില്‍ വംശീയ ഉന്മൂലനം നടന്നിട്ടില്ലെന്ന് സൂകി

Posted on: April 7, 2017 8:29 am | Last updated: April 7, 2017 at 12:30 am
ബി ബി സി റിപ്പോര്‍ട്ടറോട് സംസാരിക്കുന്ന ആംഗ് സാന്‍ സൂകി

യാങ്കൂണ്‍: റാഖിനെയില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന വംശീയ ഉന്മൂലനത്തെ പൂര്‍ണമായും നിഷേധിച്ച് മ്യാന്മര്‍ നേതാവും സമാധാന നൊബേല്‍ ജേതാവുമായ ആംഗ് സാന്‍ സൂകി രംഗത്ത്. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന റാഖിനെയില്‍ സൈന്യത്തിന്റെയും പോലീസിന്റെയും ബുദ്ധതീവ്രവാദികളുടെയും നേതൃത്വത്തില്‍ നടന്ന ആക്രമണ പരമ്പരകളെ കണ്ടില്ലെന്ന് നടിച്ചാണ് സൂക്കിയുടെ പരാമര്‍ശം.

റാഖിനെയില്‍ റോഹിംഗ്യന്‍ വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യാന്‍ കൂട്ടക്കൊല, കൂട്ടബലാത്സംഗം, ഗ്രാമങ്ങള്‍ കത്തിനശിപ്പിക്കല്‍ എന്നിങ്ങനെയുള്ള അതിക്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന യു എന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവന്നിരുന്നു. ഇതിനെ കുറിച്ച് വിശദമായി അന്വേഷണം നടത്താന്‍ വിദഗ്ധ സംഘത്തെ നിയോഗിച്ച സാഹചര്യത്തിലാണ് സൂക്കിയുടെ വിവാദ പരാമര്‍ശം. ബി ബി സിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വിശദമാക്കിയത്.
റോഹിംഗ്യകള്‍ക്കെതിരായ ആക്രമണങ്ങളെ വംശീയ ഉന്മൂലനമെന്ന് വിശേഷിപ്പിക്കുന്നത് കുറച്ച് അധികമാകുമെന്നും അത്തരത്തിലൊരു ആക്രമണം അവിടെ നടക്കുന്നില്ലെന്നും സൂക്കി വിശദീകരിച്ചു.

മുസ്‌ലിംകള്‍ മുസ്‌ലിംകളെ തന്നെ കൊല്ലുകയാണെന്നും വ്യത്യസ്ത വിഭാഗത്തിലുള്ള ജനങ്ങള്‍ തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലാണിതെന്നും സൂക്കി കൂട്ടിച്ചേര്‍ത്തു.

സൈന്യത്തിന്റെ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഭരണഘടനയില്‍ ഭേദഗതി വേണം. ഇതിനായി തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്.
മ്യാന്മറില്‍ നടക്കുന്ന വംശഹത്യയെ തുടര്‍ന്ന് ലക്ഷക്കണക്കിന് റോഹിംഗ്യന്‍ മുസ്‌ലിംകള്‍ ബംഗ്ലാദേശ്, മലേഷ്യ, പാക്കിസ്ഥാന്‍ എന്നിങ്ങനെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ കഴിയുന്നുണ്ട്. തലമുറകളായി മ്യാന്മറില്‍ കഴിയുന്ന റോഹിംഗ്യകളെ ഇതുവരെ പൗരന്മാരായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധരായിട്ടില്ല. ബുദ്ധ തീവ്രവാദികളെ ഭയന്ന് റോഹിംഗ്യകളെ അംഗീകരിക്കാനുള്ള നടപടിയില്‍ നിന്ന് സൂക്കിയും വിട്ടുനില്‍ക്കുകയാണ്.