Connect with us

Editorial

ഒഴിവാക്കേണ്ട പിഴവുകള്‍

Published

|

Last Updated

ജിഷ്ണുവിന്റെ ദുരൂഹ മരണത്തിന് ഉത്തരവാദികളായവരുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ചു സമാധാനപരമായി സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും നയപരമായി കൈകാര്യം ചെയ്യുന്നതില്‍ പോലീസിന് വീഴ്ച പറ്റി എന്നു തന്നെ പറയാതെ വയ്യ. മകന്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദനയും ദുഃഖവും അറിയാത്തവരല്ല പോലീസ് ആസ്ഥാനത്തുള്ളത്. അതുകൊണ്ട് തന്നെ അവിടെയുണ്ടായ അനിഷ്ട സംഭവങ്ങളെ അവധാനതയോടെ നേരിടാനായിരുന്നു പോലീസ് തയ്യാറാകേണ്ടിയിരുന്നത്. ജിഷ്ണു ആത്മഹത്യ ചെയ്തതല്ലെന്നും ആരോ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും വിശ്വസിക്കുന്ന മാതാപിതാക്കള്‍ നീതിക്കായി ഭരണ തലപ്പത്തുള്ളവരോടും അന്വേഷണോദ്യോഗസ്ഥരോടും നിരന്തരം ആവശ്യപ്പെട്ടതാണ്. കോടതി ഇടപെടലുകള്‍ അടക്കം പല കാരണങ്ങളാല്‍ അവരുദ്ദേശിക്കുന്ന തലത്തില്‍ കാര്യങ്ങള്‍ നീങ്ങുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. പോലീസ് നടപടികളിലെ ഇടര്‍ച്ചയും കാണാതിരിക്കാനാകില്ല.

ഈ സാഹചര്യത്തില്‍ നിരാഹാര സമരത്തിനെത്തിയ ബന്ധുക്കളോട് പ്രക്ഷോഭകരോടെന്ന മട്ടിലല്ല ഇടപെടേണ്ടത്. ജിഷ്ണുവിന്റെ മാതാവിനെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചുവെന്ന പരാതി ശരിയെങ്കില്‍ തീര്‍ത്തും കിരാതമായിപ്പോയി. പ്രക്ഷോഭം അടിച്ചമര്‍ത്തുന്ന പൊലീസ് നയത്തില്‍ രാജ്യത്ത് ആദ്യം മാറ്റം വരുത്തിയത് ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാറാണെന്ന് ഇ എംഎസ് മന്ത്രിസഭയുടെ അറുപതാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രി പ്രസംഗിച്ച അതേ ദിവസമാണ് ഇങ്ങനെയൊന്നുണ്ടായത് എന്നതും ശ്രദ്ധേയമാണ്.
അനിശ്ചിത കാല സമരം ഡി ജി പി ഓഫീസിന് മുന്നില്‍ അനുവദിക്കില്ലെന്നും വേണമെങ്കില്‍ സെക്രട്ടേറിയറ്റില്‍ സമരം നടത്താമെന്നും പൊലീസ് അറിയിച്ചിരുന്നു. ബന്ധുക്കളുമായി ഡി ജി പി ചര്‍ച്ചക്കു സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. ഇതവഗണിച്ചു ഡി ജി പി ഓഫീസിലേക്ക് മാര്‍ച്ച് ചെയ്തപ്പോഴാണ് തടഞ്ഞതെന്നും ബലപ്രയോഗത്തിന് നിര്‍ബന്ധിതരായതെന്നുമാണ് പോലീസ് ഭാഷ്യം. സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി അഭിപ്രായപ്പെട്ടത് പോലെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ സമരം സര്‍വസാധാരണമായ സംസ്ഥാനത്ത് പോലീസ് ആസ്ഥാനത്ത് സമരം പറ്റില്ലെന്ന വാദത്തിന് ഒരു ന്യായവുമില്ല. സര്‍ക്കാറിനെതിരെയല്ല പോലീസ് നടപടിയിലെ അപാകത്തിനെതിരാണ് സമരമെന്ന് ജിഷ്ണുവിന്റെ കുടുംബവും വ്യക്തമാക്കിയതാണ്. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളിലെ സമരങ്ങളോട് സ്വീകരിക്കുന്ന സമീപനത്തിന് വിപരീതമായി പോലീസ് ആസ്ഥാനം സമരനിരോധിത മേഖലയെന്ന നിലപാട് ശരിയാണോ?
അതേസമയം സമാധാനപരമായി നടത്താനിരുന്ന സമരം ചിലര്‍ നുഴഞ്ഞു കയറി അക്രമാസക്തമാക്കുകയാണുണ്ടായതെന്ന പോലീസ് ഭാഷ്യവും അവഗണിക്കാവതല്ല. തോക്കുസ്വാമി എന്ന പേരില്‍ അറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയും കെ എം ഷാജഹാനും മറ്റും സമരവേദിയിലെത്തിയത് പോലീസിന്റെ ആരോപണത്തിന് ബലമേകുന്നുണ്ട്. തങ്ങള്‍ അവരെ കാണുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കളും പറയുന്നു. പിന്നെ ഇവരെന്തിന് വേദിയില്‍ വന്നു? സര്‍ക്കാറിനെയും പോലീസിനെയും പ്രതിക്കൂട്ടിലാക്കാന്‍ നടന്ന ആസൂത്രിതമായ നീക്കമായിരിക്കാം അവരുടെ സാന്നിധ്യം. എങ്കിലും ഇത്തരം കുതന്ത്രങ്ങളില്‍ വീഴാതിരിക്കാനുള്ള ജാഗ്രത പോലീസും ഭരണനേതൃത്വവും കൈക്കൊള്ളേണ്ടതല്ലേ?
അടുത്ത കാലത്ത് നടന്ന പല സംഭവങ്ങളിലെയും പോലീസിന്റെ വീഴ്ച ആഭ്യന്തര വകുപ്പിനും സംസ്ഥാന സര്‍ക്കാറിനും ദുഷ്‌പേര് വരുത്തിവെക്കുകയാണ്. ഇതേചൊല്ലി ആഭ്യന്തരം കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി പ്രാപ്തനല്ലെന്നും വകുപ്പ് മറ്റാര്‍ക്കെങ്കിലും കൈമാറണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചു കൊണ്ടിരിക്കെ തിരുവനന്തപുരം സംഭവം അവര്‍ക്ക് പുതിയൊരു ആയുധമായിത്തീരും. കേരളത്തില്‍ നിന്നുള്ള യു ഡി എഫ് എം പിമാര്‍ പ്രശ്‌നം ഇന്നലെ ലോക്‌സഭയില്‍ ഉന്നയിക്കുകയും ഗാന്ധി പ്രതിമക്ക് മുമ്പില്‍ ധര്‍ണ സംഘടിപ്പിക്കുകയുമുണ്ടായി. ദേശീയ തലത്തില്‍ പിണറായി സര്‍ക്കാര്‍ വിരുദ്ധവികാരം ഉയര്‍ത്തുകയാണ് അവരുടെ ലക്ഷ്യം. ഈ ലക്ഷ്യത്തില്‍ സംഘ്പരിവാര്‍ നേരത്തെ പ്രചാരണം തുടങ്ങിയതാണ് എന്നതും ഇതോട് ചേര്‍ത്തുവായിക്കണം. ഈ വിഷയത്തില്‍ എടുത്തുചാടി ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ചതും തരംതാണ നടപടിയായിപ്പോയി.
സര്‍ക്കാറിന് ചീത്തപ്പേരുണ്ടാക്കാന്‍ സേനക്കകത്ത് തന്നെ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സന്ദേഹമുയര്‍ത്തുന്നതാണ് അടിക്കടിയുണ്ടാകുന്ന പോലീസ് വീഴ്ചകള്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സേനയില്‍ സമൂലമായ ശുദ്ധീകരണം ആവശ്യമാണ്.

Latest