Connect with us

Gulf

'പച്ചപ്പ്' തേടി ബ്രിട്ടനും ഗള്‍ഫ് പിടിക്കുന്നു

Published

|

Last Updated

റിയാദിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌യെ സ്വീകരിക്കുന്ന സഊദി
അധികൃതര്‍

റിയാദ്: യൂറോപ്യന്‍ യൂനിയന്‍ വിട്ട ബ്രിട്ടന്‍ “പച്ചപ്പ്” തേടി ഗള്‍ഫിലേക്ക്. ബ്രക്‌സിറ്റിന് ശേഷം രാജ്യം നേരിടാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുമായി സഹകരിക്കാനാണ് തീവ്രവലതുപക്ഷ ചിന്താഗതിക്കാരിയായ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുടെ തീരുമാനം. ഖത്വറിന് പിന്നാലെ തെരേസ സഊദി അറേബ്യയിലും സന്ദര്‍ശനത്തിനെത്തി. എണ്ണ സമ്പന്ന ജി സി സി രാജ്യങ്ങളുമായി സഹകരിച്ച് പുതിയ സാമ്പത്തിക ബദലിന് തയ്യാറെടുക്കുകയാണ് ബ്രിട്ടന്‍. യൂറോപ്യന്‍ യൂനിയനിനുള്ളില്‍ നിന്നുള്ള വാണിജ്യ, സാമ്പത്തിക കരാറുകള്‍ ഒഴിവാകുന്നതോടെ ജി സി സി രാജ്യങ്ങളുമായി പുതിയ കരാറുകളില്‍ ഏര്‍പ്പെടാനാണ് ബ്രിട്ടന്റെ തീരുമാനം. ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ നിക്ഷേപങ്ങളിറക്കാനും പുതിയ വാണിജ്യ ബന്ധങ്ങള്‍ സ്ഥാപിക്കാനുമാണ് സഊദി സന്ദര്‍ശനത്തിലൂടെ മെയ് ലക്ഷ്യം വെക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

രണ്ട് വര്‍ഷത്തിനകം യൂറോപ്യന്‍ യൂനിയനുമായുള്ള മുഴുവന്‍ ബന്ധവും ബ്രിട്ടന്‍ ഉപേക്ഷിക്കും. ഈ കാലയളവില്‍ സാമ്പത്തിക മേഖലയെ ഭദ്രമാക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടന്‍. ഇതോടൊപ്പം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പരന്നുകൊണ്ടിരിക്കുന്ന ഇസില്‍ തീവ്രവാദികളുടെ ഭീഷണി നേരിടാനുള്ള ഒറ്റക്കെട്ടായ മുന്നേറ്റവും ബ്രിട്ടന്‍ നടത്തുന്നുണ്ട്. ജി സി സിയടക്കമുള്ള അറബ് രാജ്യങ്ങളുമായി സഹകരിച്ച് യു എസിന്റെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന സംയുക്ത സൈനിക മുന്നേറ്റത്തിന് മികച്ച പിന്തുണ നല്‍കാനും ബ്രിട്ടന് പദ്ധതിയുണ്ട്.
ബ്രിട്ടനില്‍ സഊദിക്ക് കൂടുതല്‍ നിക്ഷേപത്തിനുള്ള സൗകര്യം ചെയ്തുകൊടുക്കുമെന്ന് മെയ് പ്രസ്താവനയില്‍ അറിയിച്ചു. ഖത്വര്‍ സന്ദര്‍ശനത്തിന് ശേഷം ബ്രിട്ടനില്‍ 22.8 ബില്യണ്‍ ദിര്‍ഹമിന്റെ നിക്ഷേപം ഇറക്കാനുള്ള കരാറില്‍ മെയ് ഒപ്പുവെച്ചിരുന്നു.
പശ്ചിമേഷ്യയില്‍ ബ്രിട്ടന്റെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് സഊദി അറേബ്യ. 2015ല്‍ സഊദി അറേബ്യയിലേക്ക് 6.5 ബില്യണ്‍ യൂറോയുടെ ചരക്ക് ബ്രിട്ടന്‍ കയറ്റുമതി ചെയ്തിരുന്നു.
എണ്ണ ഇതര സാമ്പത്തിക മേഖല കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ജി സി സി രാജ്യങ്ങള്‍ക്ക് ബ്രിട്ടനുമായുള്ള കരാര്‍ ഗുണം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അന്താരാഷ്ട്ര വിപണയില്‍ എണ്ണവിലക്കുണ്ടായ ഇടിവ് ജി സി സി രാജ്യങ്ങളുടെ സാമ്പത്തിക മേഖലയെ ക്ഷയിപ്പിച്ചിരുന്നു. ഇത് മറികടക്കാന്‍ ബ്രിട്ടന്‍ പോലുള്ള വികസിത രാജ്യങ്ങളുമായുള്ള സഹകരണം ജി സി സിക്ക് ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Latest