കുരുന്നുകള്‍ക്ക് അറിവ് നല്‍കിയ സന്തോഷവുമായി അബ്ദുര്‍റസാഖ് സ്വദേശത്തേക്ക്‌

Posted on: April 4, 2017 11:25 pm | Last updated: April 4, 2017 at 11:01 pm

ഷാര്‍ജ: മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ അധ്യാപക ജീവിതം അവസാനിപ്പിച്ച് കാഞ്ഞങ്ങാട് പള്ളിക്കര ചേറ്റുകുണ്ടിലെ കെ എസ് അബ്ദുര്‍റസാഖ് നാട്ടിലേക്ക് മടങ്ങുന്നു. 1986ലാണ് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ ബോയ്‌സ് വിഭാഗം സയന്‍സ്, ഫിസിക്‌സ് അധ്യാപകനായ അദ്ദേഹം മുംബൈയില്‍നിന്ന് വിമാനമാര്‍ഗം ദുബൈയിലെത്തിയത്. മൂന്നു വര്‍ഷം അബുദാബിയിലെ ഒരു വിദ്യാലയത്തില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ ചേര്‍ന്നു. കുറേ കാലം സബ്ജക്ട് കോ-ഓര്‍ഡിനേറ്ററായിരുന്നു. 27 വര്‍ഷത്തിലധികം സേവനമനുഷ്ഠിച്ചു. സൂപ്പര്‍വൈസറായിട്ടാണ് വിരമിച്ചത്.

ബി എസ് സി, ബി എഡ് ബിരുദധാരിയാണ്. പത്തു വര്‍ഷത്തോളം കാസര്‍കോട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തു. മേല്‍പറമ്പ് ചൗഗിരി ഹൈസ്‌കൂളിലെ ജോലിക്കിടെയാണ് പ്രവാസലോകത്തേക്ക് പറന്നത്.
മൂന്ന് ദശാബ്ദത്തോളം കാലം പ്രവാസി കുരുന്നുകള്‍ക്ക് അറിവ് പകര്‍ന്നുനല്‍കാനായതില്‍ സന്തോഷമുണ്ടെന്നും മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങള്‍ സമ്മാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശിഷ്ടകാലം കുടുംബത്തോടൊപ്പം താമസിക്കാനാഗ്രഹിക്കുന്ന അബ്ദുര്‍റസാഖിന് നാട്ടിലെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് പ്രവാസഭൂമിയിലെത്തിയതില്‍ വിഷമമൊന്നുമില്ല.
ഹസീനയാണ് ഭാര്യ. മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഷദാവ്, സുഹൈല്‍, റഹീസ് എന്നിവര്‍ മക്കളാണ്.