ട്രാഫിക് നിയമം ലംഘിച്ച നാല് സ്വദേശികള്‍ക്ക് സാമൂഹിക സേവനം ശിക്ഷ

Posted on: April 4, 2017 10:40 pm | Last updated: April 4, 2017 at 10:10 pm
ഗതാഗത നിയമലംഘനം നടത്തിയ സ്വദേശി പൗരന്‍
സാമൂഹിക സേവനത്തിനിടെ

അബുദാബി: ഗതാഗത നിയമം ലംഘിച്ച നാല് സ്വദേശി പൗരന്മാര്‍ക്ക് സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ബനിയാസ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. പൊതു ഉദ്യാനങ്ങള്‍, പെട്രോള്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നതെന്ന് അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

രണ്ട് പേര്‍ വീതം മൂന്ന് മാസം പെട്രോള്‍ സ്റ്റേഷനിലും മറ്റു രണ്ട് പേര്‍ രണ്ട് മാസം പൊതുഉദ്യാനത്തിലും സേവനം ചെയ്യണം. സേവന ശിക്ഷ ഉടന്‍ തുടങ്ങാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചു. സാമൂഹിക സേവനം നടപ്പിലാക്കുമ്പോള്‍ പ്രതികളായ നാലുപേരുടെയും പൊതുജന സേവനത്തിലുള്ള പ്രതിബദ്ധത, പെരുമാറ്റം, അച്ചടക്കം എന്നിവയുടെ പ്രതിമാസ റിപ്പോര്‍ട്ടുകള്‍ അഭ്യര്‍ഥിച്ചതായും പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതികള്‍ സാമൂഹിക സേവനം നടത്തുന്നതില്‍ പരാജയപ്പെട്ടാല്‍ പ്രോസിക്യൂട്ടര്‍മാര്‍ പ്രതികളെ കോടതിക്ക് കൈമാറി സാമൂഹിക സേവന കാലാവധിക്ക് സമാനമായ ജയില്‍ ശിക്ഷ ലഭ്യമാക്കും.