അവിഹിത ബന്ധത്തില്‍ പിറന്ന നവജാത ശിശുവിനെ മാലിന്യപ്പെട്ടിയില്‍ തള്ളി

Posted on: April 4, 2017 10:18 pm | Last updated: April 4, 2017 at 10:04 pm

അബുദാബി: അവിഹിത ബന്ധത്തിലൂടെ ഗര്‍ഭിണിയായ യുവതി സ്വകാര്യ ആശപത്രിയില്‍ പ്രസവിച്ച് അധികൃതരെ അറിയിക്കാതെ കുട്ടിയുമായി കടന്നുകളഞ്ഞ് കുട്ടിയെ ഗാര്‍ബേജ് ബോക്‌സില്‍ ഉപേക്ഷിച്ചു.

അബുദാബിയിലെ ഒരു വീട്ടില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശ് യുവതിയാണ് ബംഗ്ലാദേശ് സ്വദേശിയായ കാമുകനാല്‍ ഗര്‍ഭിണിയായത്. അവിഹിത ബന്ധത്തില്‍ പ്രസവിച്ചത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമായത്‌കൊണ്ട് യുവതി നവജാത ശിശുവിനെ ഗാര്‍ബേജ് ബോക്‌സില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ യുവതി മാതൃത്വം നിഷേധിച്ചെങ്കിലും ഡി എന്‍ എ ടെസ്റ്റ് പുറത്തുവന്നതോടെ അംഗീകരിക്കുകയായായിരുന്നു. ആശുപത്രിയില്‍ പ്രസവിച്ചതും കുഞ്ഞിനെ കളഞ്ഞതും യുവതി കോടതിയില്‍ നിഷേധിച്ചു. താന്‍ ചില സുഹൃത്തുക്കളുമായി താമസിച്ചിരുന്ന വീട്ടില്‍വെച്ച് പ്രസവിക്കുകയായിരുന്നുവെന്നാണ് കോടതിയില്‍ വാദിച്ചത്.
സ്തീ സ്‌പോണ്‍സറില്‍നിന്ന് ഒളിച്ചോടി മറ്റൊരിടത്ത് അനധികൃതമായി ജോലി ചെയ്ത്‌വരികയായിരുന്നു യുവതിയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.