പുതിയ ഹജ്ജ് നയം: കേരളം നിര്‍ദേശം സമര്‍പ്പിച്ചു

Posted on: April 4, 2017 9:59 am | Last updated: April 4, 2017 at 1:00 am

കൊണ്ടോട്ടി: അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ ഹജ്ജ് നയം രൂപവത്കരിക്കുന്നതിലേക്കായി കേരളം നിര്‍ദേശം സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസം മുംബൈയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് കേരളം സംസ്ഥാനത്തിനു കൂടി ഏറെ പ്രയോജനകരമായ നിര്‍ദേശം മുന്നോട്ടുവെച്ചത്.
നിലവില്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിം ജനസംഖ്യക്ക് ആനുപാതികമായാണ് സംസ്ഥാനങ്ങള്‍ക്ക് ക്വാട്ട നിശ്ചയിക്കുന്നത്. ഇതിനു പകരം അപേക്ഷകര്‍ക്ക് ആനുപാതികമായി ക്വാട്ട നല്‍കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.

ഹജ്ജിന് ഒറ്റത്തവണ അപേക്ഷ എന്ന സമ്പ്രദായം കൊണ്ടുവരണം. ഓരോ വര്‍ഷവും അപേക്ഷ നല്‍കുന്നതിനുള്ള പ്രയാസവും ഇതിനായുള്ള സാമ്പത്തിക നഷ്ടവും ഹാജിമാര്‍ക്ക് ആശ്വാസമാകും. രാജ്യത്താകെയുള്ള 70 വയസ്സായ അപേക്ഷകര്‍ക്കും അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്കും സീറ്റുകള്‍ മാറ്റിവെച്ചു ബാക്കി വരുന്ന സീറ്റുകള്‍ സംസ്ഥാനങ്ങക്ക് വിഹിതം വെക്കണം. ആരോഗ്യമുള്ള 70 വയസ്സായ അപേക്ഷകള്‍ക്ക് സഹായിയെ കൂടാതെ ഹജ്ജ് യാത്രക്ക് അനുമതി നല്‍കണം. നിലവില്‍ സഹായി ഇല്ലാതെ ഹജ്ജിന് അവസരം നല്‍കുന്നില്ല. സഹായിയെ കൂടെ കൊണ്ടു പോകേണ്ടതു കാരണം സാമ്പത്തികമായി പ്രയാസം നേരിടുന്നവര്‍ക്ക് ഹജ്ജ് കര്‍മം നിര്‍വഹിക്കാനാകുന്നില്ല.
കേരള ഹജ്ജ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ശരീഫ് മണിയാട്ടുകുടി, അസിസ്റ്റന്റ് സെക്രട്ടരി അബ്ദുര്‍റഹ്മാന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. കേരളത്തെ കൂടാതെ ഗുജറാത്ത്, ഗോവ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും അതത് സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. കേന്ദ്ര ന്യൂനപക്ഷ ഹജ്ജ് കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി അധ്യക്ഷത വഹിച്ചു. ഹജ്ജ് എമ്പാര്‍ക്കേഷന്‍ കരിപ്പൂരിലേക്കു തന്നെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം ഈ വര്‍ഷം നടപ്പാക്കാനാവില്ലെന്ന് മന്ത്രി സംസ്ഥാന പ്രതിനിധികളെ അറിയിച്ചു. അടുത്ത വര്‍ഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി.