ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗിന്റെ ഫാംഹൗസ് കണ്ടുകെട്ടി

Posted on: April 4, 2017 9:21 am | Last updated: April 4, 2017 at 12:23 am

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗിന്റെ ഡല്‍ഹിയിലെ ഫാംഹൗസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പിടിച്ചെടുത്തു. 27 കോടി വിലവരുന്നതാണ് ഡല്‍ഹിയിലെ മെഹറൂലിയിലുള്ള ഈ വസതി. എന്നാല്‍, 6.61 കോടി രൂപക്കാണ് ഇദ്ദേഹം ഫാംഹൗസ് സ്വന്തമാക്കിയത്. ഈ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ വീര്‍ഭദ്ര സിംഗിന് സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇ ഡി ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയായിരുന്നു. കളളപ്പണ നിരോധന നിയമ പ്രകാരമായിരുന്നു കേസ്.

കഴിഞ്ഞ വെള്ളിയാഴ്ച വീര്‍ഭദ്ര സിംഗിനും ഭാര്യക്കുമെതിരെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സി ബി ഐ കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നു. പത്ത് കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കേസ് റദ്ദാക്കണമെന്ന സിംഗിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ ഇദ്ദേഹത്തിന്റെ ഫാംഹൗസ് ഇ ഡി കണ്ടുകെട്ടിയത്.
കേസിന്റെ പശ്ചാത്തലത്തില്‍ വീര്‍ഭദ്ര സിംഗിന്റെ രാജി ബി ജെ പി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നും വീര്‍ഭദ്ര സിംഗ് പ്രതികരിച്ചു. കോണ്‍ഗ്രസിനും ഇതേ നിലപാട് തന്നെയാണ്്. സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചതിന്റെ പേരില്‍ വീര്‍ഭദ്ര സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്ന പ്രശ്‌നമില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി. തികച്ചും രാഷ്ട്രീയ പ്രേരിതമായുള്ള കേസാണ് അദ്ദേഹത്തിനെതിരെയുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഒന്നും ഭയക്കാനില്ല. കേസ് ശക്തമായി നേരിടുമെന്നും അതില്‍ വിജയിക്കാന്‍ കഴിയുമെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഘ്‌വി പറഞ്ഞിരുന്നു.
അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഹിമാചല്‍ പ്രദേശില്‍ ആറാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് 82കാരനായ വീര്‍ഭദ്ര സിംഗ്.