Connect with us

Articles

ജേക്കബ് തോമസിനെ പേടിക്കണോ?

Published

|

Last Updated

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ഭരണം സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതലിന്നുവരെ വിമര്‍ശ വിധേയമാണ്. അതുപോലെ തന്നെ വിമര്‍ശിക്കപ്പെട്ടു വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളും. മനുഷ്യാവകാശങ്ങളെ ധ്വംസിക്കുന്ന നിയമ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയുള്ള കേസെടുക്കല്‍, രാജ്യസ്‌നേഹത്താല്‍ പ്രചോദിതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഗതികളില്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടിക്കൊണ്ട് സ്വീകരിച്ച നടപടികള്‍, ലോക്കപ്പ് മര്‍ദനങ്ങള്‍, ലൈംഗികാതിക്രമക്കേസുകളിലെ പരാതികളില്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാതിരിക്കല്‍ തുടങ്ങി പൊലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിരവധി. ഏത് പരാതിയിലും കേസെടുക്കുന്നു, അത്തരം കേസെടുപ്പുകള്‍ പലതും വൈരാഗ്യം തീര്‍ക്കലാണ് എന്നതായിരുന്നു വിജിലന്‍സിനു നേര്‍ക്കുണ്ടായ വിമര്‍ശം. വിജിലന്‍സല്ല, മറിച്ച് അതിന്റെ ഡയറക്ടര്‍ സ്ഥാനത്തിരുന്ന ജേക്കബ് തോമസാണ് പ്രധാനമായും വിമര്‍ശങ്ങളുടെ ലക്ഷ്യമായിരുന്നത്.

രണ്ടിലും മുഖ്യമന്ത്രി പിണറായി വിജയന് മടുത്തു കാണണം. പോലീസിന് വീഴ്ചപറ്റിയെന്ന് ദിനേന ആവര്‍ത്തിക്കേണ്ടി വരുന്നത് ആരെയും മടുപ്പിക്കും. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുവെന്ന പല്ലവിയുടെ ആവര്‍ത്തനവും മടുപ്പിക്കും. പോലീസ് മേധാവി സ്ഥാനത്തു നിന്ന് ടി പി സെന്‍കുമാറിനെ മാറ്റി ലോക്‌നാഥ് ബെഹ്‌റയെ കൊണ്ടുവന്നത് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കനുസരിച്ച് പൊലീസ് സേനയെ പ്രവര്‍ത്തിപ്പിക്കാനായിരുന്നു. മന്ത്രിസഭക്ക് പതിനൊന്ന് മാസം പ്രായമെത്തുമ്പോള്‍ കൂടുതല്‍ വഷളാകുകയാണുണ്ടായത്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (അണ്‍ ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് – യു എ പി എ) എവിടെയും പ്രയോഗിക്കാനുള്ള അത്യാര്‍ത്തിയായിരുന്നു ആദ്യം. അതിനൊപ്പം ലോക്കപ്പ് മര്‍ദനങ്ങളുടെ പരമ്പരയും അരങ്ങേറി. അതിനൊക്കെ ശേഷമാണ് കേസുകളുടെ അട്ടിമറിയോ ലൈംഗികാതിക്രമക്കേസുകളിലെ കുറ്റകരമായ അലംഭാവമോ പൊലീസിന്റെ സ്ഥിരം പരിപാടിയായത്. ആ സേനയെ മര്യാദ പഠിപ്പിക്കാന്‍ നിരന്തരോപദേശവും വീഴ്ച സമ്മതിക്കലും സസ്‌പെന്‍ഷനുമായി മുഖ്യമന്ത്രി മുന്നോട്ടുപോകുന്നതിനിടെയാണ് കാര്യക്ഷമതയുടെ പര്യായമായേ അടങ്ങൂ എന്ന വാശിയോടെ കിട്ടുന്നതെല്ലാം അന്വേഷിക്കാന്‍ തീരുമാനിച്ച വിജിലന്‍സ് തലവേദന സൃഷ്ടിച്ചത്.

വിജിലന്‍സിന്റെ കാര്യത്തില്‍ അതിന്റെ ഡയറക്ടറെ ന്യായീകരിച്ചാകണം മുഖ്യമന്ത്രിക്ക് മടുത്തിട്ടുണ്ടാകുക. അഴിമതി ആരോപണം നേരിടുന്ന രണ്ട് അഡീഷണല്‍ ചീഫ് സെക്രട്ടറിമാരുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ നിലപാടെടുത്തപ്പോള്‍ ഐ ഐ എസ് ഉദ്യോഗസ്ഥര്‍ കൂട്ടംകൂടി. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ജേക്കബ് തോമസിനെ മാറ്റിയില്ലെങ്കില്‍ കൂട്ടയവധിയെടുക്കുമെന്ന അറിയിപ്പുണ്ടായി. വിരട്ടലൊന്നും ഇങ്ങോട്ടുവേണ്ടെന്ന പതിവ് ശൈലി മുഖ്യമന്ത്രി പുറത്തെടുത്തു, ജേക്കബ് തോമസിനെ മാറ്റിയിട്ട് ജോലിക്കുവരാമെന്ന് മോഹിക്കേണ്ടെന്ന് ഐ എ എസ് പ്രഭൃതികളെ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന യു ഡി എഫ് സര്‍ക്കാര്‍ ഐ പി എസ്സുകാരനായ ശങ്കര്‍ റെഡ്ഢിയെ വിജിലന്‍സ് മേധാവിയായി നിയമിച്ചതില്‍ ക്രമക്കേടുണ്ടെന്ന പരാതി, ബാര്‍ കോഴക്കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശങ്കര്‍ റെഡ്ഢി ശ്രമിച്ചെന്ന ആരോപണം ഇവയൊക്കെ അന്വേഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഐ പി എസ്സിലെ ഒരു വിഭാഗവും ജേക്കബ് തോമസിനെതിരെ തിരിഞ്ഞു. ബന്ധു മിത്രാദികളെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമിച്ച് ക്ഷേമരാഷ്ട്ര സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കാന്‍ തുനിഞ്ഞ വ്യവസായ മന്ത്രിക്കെതിരെ കേസെടുക്കാതെ തരമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയും കേസെടുക്കുകയും ചെയ്തതോടെ ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയിലെ വലിയൊരു വിഭാഗവും വിജിലന്‍സ് ഡയറക്ടര്‍ക്ക് എതിരായി. അപ്പോഴും വിജിലന്‍സ് ഡയറക്ടറെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുണ്ടായിരുന്നു. അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇടപെടില്ലെന്ന ചാഞ്ചല്യമില്ലാത്ത നിലപാടെടുത്തു അദ്ദേഹം.
തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസിനെതിരെ ഉയര്‍ന്ന ആരോപണവും അത് അന്വേഷിച്ച് ധനവകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടും ഇതിനിടെ പുറത്തുവന്നു. അന്വേഷണത്തിന്റെ പരിധിയില്‍ വരികയോ വരുമെന്ന സംശയത്തില്‍ അകപ്പെടുകയോ ചെയ്ത ഐ എ എസ് പ്രഭൃതികളായിരുന്നു പഴയ കടലാസുകളുടെ പുതിയ വിതരണക്കാര്‍. അവധിയെടുത്ത് സ്വകാര്യ സ്ഥാപനത്തില്‍ പഠിപ്പിക്കാന്‍ പോയതിന് പ്രതിഫലം പറ്റിയെന്ന ആരോപണവും ഉയര്‍ത്തെഴുന്നേറ്റു. സംസ്ഥാനത്തിന് പുറത്ത് വാങ്ങിയ ഭൂമിയുടെ വിവരങ്ങള്‍ സ്വത്ത് പട്ടിക സമര്‍പ്പിച്ചപ്പോള്‍ ഉള്‍പ്പെടുത്തിയില്ലെന്ന പുതിയ ആരോപണവും. ഇതൊക്കെ വന്നപ്പോഴും വിജിലന്‍സ് ഡയറക്ടറെ സംരക്ഷിച്ചുനിന്നു മുഖ്യമന്ത്രി. സംസ്ഥാന സെക്രട്ടറിയായിരിക്കെ താനുള്‍പ്പെടുന്ന ഔദ്യോഗിക നേതൃത്വത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കാനും വിഭാഗീയത ആരോപിച്ച് മാറ്റിനിര്‍ത്തിയവര്‍ എക്കാലത്തേക്കും മാറ്റിനിര്‍ത്തേണ്ട പാര്‍ട്ടി വിരുദ്ധരാണെന്ന് സ്ഥാപിക്കാനും നിരന്തരം ഊര്‍ജം വ്യയം ചെയ്യേണ്ടി വന്നതിന് ശേഷം പിണറായിക്ക് ഇത്രയധികം വിയര്‍ക്കേണ്ടിവന്നത് ഇപ്പോഴായിരിക്കും.
ഇത്രയൊക്കെ ചെയ്തിട്ടും വിജിലന്‍സ് ഡയറക്ടറെ കൈവിടേണ്ടിവരുമ്പോഴുണ്ടാകുന്ന മടുപ്പ് നേരത്തെയുണ്ടായതിന്റെ പതിന്‍മടങ്ങായിരിക്കും. ഹൈക്കോടതിയങ്ങനെ നിരന്തരം വിജിലന്‍സിനെയും അതിന്റെ ഡയറക്ടറെയും വിമര്‍ശിക്കുമ്പോള്‍ ഭരണാധികാരിക്ക് കേട്ടിരിക്കാനാകില്ലല്ലോ? മുഖ്യമന്ത്രി സംരക്ഷിക്കുന്ന ഉദ്യോഗസ്ഥനെ ഹൈക്കോടതി നിരന്തരം വിമര്‍ശിക്കുകയെന്നാല്‍ ലക്ഷ്യം മുഖ്യമന്ത്രിയാണെന്നാണ് മനസ്സിലാക്കേണ്ടത്. ആകയാല്‍ തത്കാലം അവധിയെടുക്കുക, ശിഷ്ടകാലത്തെ കാര്യം പിന്നീട് തീരുമാനിക്കാമെന്ന ഇടക്കാല പരിഹാരത്തിലേക്ക് മുഖ്യമന്ത്രി എത്തിയെന്ന് കരുതണം. അതോ മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും വീശി തലങ്ങും വിലങ്ങും കേസെടുത്ത് മുന്നേറിയ ഡയറക്ടര്‍ക്ക്, ഒരു കേസില്‍പ്പോലും നിര്‍ണായക ഫലം സമ്മാനിക്കാന്‍ സാധിച്ചില്ലെന്ന തിരിച്ചറിവോ കാരണം? പൂര്‍വാശ്രമത്തില്‍ വലംകൈയായിരുന്ന ഇ പി ജയരാജന്, ബന്ധു നിയമനക്കേസില്‍ കാരാഗൃഹം സമ്മാനിക്കാന്‍ യത്‌നിച്ചപ്പോള്‍ നോക്കിനില്‍ക്കാന്‍ കഴിയാതെ പോയതും കാരണമാകാം. കാരണമെന്തായാലും ജേക്കബ് തോമസ്, ഇനി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു വേണ്ടെന്ന് മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നുവെന്ന് കരുതണം.
ഇപ്പറഞ്ഞതില്‍ ഏറ്റം സവിശേഷവും കൗതുകകരവും നീതിന്യായം സൂക്ഷ്മമായി തൂക്കുന്ന പീഠത്തിന്റെ നിരന്തര വിമര്‍ശമാണ്. വിജിലന്‍സ് ഡയറക്ടറെ ഇനിയും തുടരാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യവും സര്‍ക്കാര്‍ ഇനിയെങ്കിലും മൗനം അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പും ഉള്‍ക്കൊള്ളുന്ന ഏറ്റവും ഒടുവിലത്തെ ഖണ്ഡമാണ് സവിശേഷവും കൗതുകകരവുമായ വിമര്‍ശങ്ങളില്‍ പ്രധാനം. ലെഡ് ഓക്‌സൈഡ് നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന കമ്പനി സര്‍ക്കാറിലേക്ക് നികുതിയിനത്തില്‍ അടക്കാനുണ്ടായിരുന്ന കുടിശ്ശിക, നികുതി നിരക്ക് മുന്‍കാല പ്രാബല്യത്തോടെ ഇളവ് ചെയ്ത് ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്കും വ്യവസായി ബെന്നി എബ്രഹാമിനുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതിയെ പ്രകോപിപ്പിച്ചത്. നിയമനിര്‍മാണത്തിനുള്ള അധികാരം ഉപയോഗിച്ച് നിയമസഭ പാസ്സാക്കിയ നിയമത്തിലൂടെ ഹരജിക്കാരനടക്കമുള്ള വ്യവസായികള്‍ക്ക് ഇളവ് അനുവദിച്ചതില്‍ കേസെടുക്കാന്‍ വിജിലന്‍സിന് എന്തധികാരമെന്ന് കോടതി ചോദിക്കുന്നു. നിയമനിര്‍മാണത്തിനുള്ള നിയമസഭയിലുടെ അധികാരത്തിലേക്ക് കടന്നുകയറാനാണ് വിജിലന്‍സിന്റെ ശ്രമം. അതിന് നേതൃത്വം നല്‍കുന്ന ഡയറക്ടറെ, തല്‍സ്ഥാനത്ത് വച്ചുകൊണ്ടിരിക്കാന്‍ നിയമസഭയോട് ഉത്തരവാദിത്തമുള്ള സര്‍ക്കാറിന് സാധിക്കുമോ എന്നാണ് ചോദ്യം.
ഒറ്റനോട്ടത്തില്‍ യുക്തിസഹമാണ് കോടതിയുടെ ചോദ്യം. നികുതി ഇളവുകള്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കുക എന്നത് കേരളത്തില്‍ പുതുമയുള്ള കാര്യമല്ല. പക്ഷേ, അതിനൊരു യുക്തി വേണം. ഏതെങ്കിലും വ്യവസായം അതിഗുരുതരമായ പ്രതിസന്ധി നേരിടുകയും നികുതി കുടിശ്ശിക ഒടുക്കേണ്ട സാഹചര്യമുണ്ടായാല്‍ സ്ഥാപനങ്ങള്‍ പൂട്ടിപ്പോകേണ്ട സ്ഥിതിയുണ്ടാകുകയും ചെയ്താല്‍ സ്ഥാപനത്തെ സംരക്ഷിക്കുന്നതിന്, അവിടുത്തെ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ഒക്കെയായി നികുതിയിളവ് നല്‍കുകയും അതിന് മുന്‍കാല പ്രാബല്യം നല്‍കുകയും ചെയ്യുന്നതില്‍ തെറ്റില്ല. ഇവിടെ അത്തരമൊരു സാഹചര്യമില്ല. 2004 മുതല്‍ 2014 വരെയുള്ള നികുതി 2015 -16 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലൂടെ ഇളവ് ചെയ്ത് നല്‍കുകയാണ് ധനമന്ത്രി ചെയ്തത്. ഈ പത്ത് വര്‍ഷത്തിനിടെ അത്രവലിയ പ്രതിസന്ധി പ്രസ്തുത സ്ഥാപനം നേരിട്ടതായി കേട്ടറിവില്ല. അതുണ്ടായിരുന്നുവെങ്കില്‍ നികുതിയിളവ് നേരത്തെ നല്‍കേണ്ടതായിരുന്നുവല്ലോ!

1.67 കോടി രൂപ നികുതികുടിശ്ശികയുണ്ട്, അത് പിരിച്ചെടുക്കണമെന്ന് നികുതി വകുപ്പ് അറിയിച്ചിരുന്നു, അതിനുള്ള നടപടികള്‍ അവര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അതിന്‍മേല്‍ തര്‍ക്കമുണ്ടെങ്കില്‍ നികുതിയൊടുക്കാന്‍ വയ്യാത്തത്ര പ്രതിസന്ധിയുണ്ടെങ്കില്‍ നിയമമനുശാസിക്കുന്ന നടപടികള്‍ ആ സ്ഥാപനത്തിന് സ്വീകരിക്കുകയുമാകാമായിരുന്നു. അതൊന്നുമുണ്ടാകാതിരിക്കെ മുന്‍കാല പ്രാബല്യത്തോടെയുള്ള നികുതിയിളവില്‍ അസ്വാഭാവികതയുണ്ടെന്ന് സംശയമുണ്ടായാല്‍, അതേക്കുറിച്ച് പരാതിയുണ്ടായാല്‍, പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടാല്‍ കേസെടുത്ത് അന്വേഷിക്കുക എന്നതല്ലാതെ എന്താണ് വിജിലന്‍സ് ചെയ്യേണ്ടത് എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി തന്നെ വിജിലന്‍സിന് പറഞ്ഞുകൊടുക്കണം. നിയമസഭ പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ അഴിമതിയും ഖജനാവിന് നഷ്ടമുണ്ടാക്കും വിധത്തിലുള്ള ഇടപാടുകളും നിയമവിധേയമാകുമോ എന്നും.
സര്‍ക്കാര്‍ ഏജന്‍സിയുടെ തലപ്പത്തേക്ക് ക്രമവിരുദ്ധമായി ആരെങ്കിലും നിയമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ താത്പര്യമോ നിക്ഷിപ്ത താത്പര്യമോ ഉണ്ടാകണം. സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ഉത്തമ താല്‍പര്യം സംരക്ഷിക്കുന്നതാണ് നിയമനമെങ്കില്‍ അതില്‍ കേസില്ല. നിയമിക്കപ്പെട്ടയാള്‍ മറ്റൊരഴിമതിക്കേസിന്റെ നടപടികള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമുണ്ടാകുമ്പോള്‍ നിയമനത്തിന് പിറകില്‍ നിക്ഷിത്പ താത്പര്യമുണ്ടോ എന്ന സംശയം ബലപ്പെടും. അതേക്കുറിച്ച് അന്വേഷിക്കാന്‍ പുറപ്പെടുമ്പോള്‍ വിജിലന്‍സിന്റെ അധികാര പരിധിയെക്കുറിച്ചും അമിതാധികാര പ്രവണതയെക്കുറിച്ചും അത് അരാജകത്വം സൃഷ്ടിക്കാനുള്ള സാധ്യതയെക്കുറിച്ചുമൊക്കെ കോടതി പറഞ്ഞാല്‍, ആര്‍ക്കാണ് യഥാര്‍ഥത്തില്‍ പ്രശ്‌നമെന്ന് സാമാന്യ ബുദ്ധിയുള്ളവരൊക്കെ ചോദിച്ചുപോകും. ആ ചോദ്യം ചോദിക്കാനുള്ള ചങ്കറുപ്പ് തത്കാലം മുഖ്യമന്ത്രിക്കില്ല, അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമില്ല. കോടതിയെ ബഹുമാനിക്കുന്ന സര്‍ക്കാറാണ് കേരളത്തില്‍ അധികാരത്തിലിരിക്കുന്നത്. കോടതിയെ ബഹുമാനിക്കുന്നതിന്റെ ഗുണഫലങ്ങളില്‍ ചിലത് സ്വന്തം പക്ഷത്തായിരിക്കുമെന്ന തോന്നലും അവര്‍ക്കുണ്ടാകും. മടുപ്പിക്കുന്ന ആവര്‍ത്തനങ്ങളിലൊന്ന് ഇല്ലാതായതിന്റെ ആശ്വാസം മുഖ്യമന്ത്രിക്കും.
അഴിമതി ഒരു സാമൂഹിക ക്രമം പോലെയാകുകയും അതിന്റെ ഉപഭോക്താക്കളോ ഗുണഭോക്താക്കളോ ആയി വ്യക്തിയും സമൂഹവും പൊതുപ്രവര്‍ത്തകരുമൊക്കെ നില്‍ക്കുകയും ചെയ്യുന്ന സംസ്ഥാനത്ത് തല്‍സ്ഥിതി തുടരട്ടെ എന്നാകണം ന്യായാസനത്തിന്റെ ഇംഗിതം. അതില്‍ ഭിന്നാഭിപ്രായം തോന്നേണ്ടതില്ല ഭരണപക്ഷത്തിന്. അഭിപ്രായവ്യത്യാസം ഒരിക്കലുമുണ്ടാകേണ്ടതില്ല പ്രതിപക്ഷത്തിനും ഐ എ എസ് – ഐ പി എസ് പ്രഭൃതികള്‍ക്കും. മഞ്ഞയും ചുവപ്പും കാര്‍ഡുകള്‍ പ്രയോഗിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ജേക്കബ് തോമസ് തന്നെയും അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. സിദ്ധാന്തങ്ങളൊക്കെ പ്രയോഗത്തിലാകണമെന്ന നിര്‍ബന്ധം ഒരു ജേക്കബ് തോമസിനും പാടില്ല തന്നെ.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest